അഹമ്മദാബാദ്: ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മിലുളള വാട്സ്ആപ് സന്ദേശം ചോര്‍ന്നതോടെ തന്റെ ജീവന്‍ അപകടത്തിലാണെന്ന ആശങ്കയറിയിച്ച് ദലിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി രംഗത്ത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും അംഗങ്ങളായുളള ‘എഡിആര്‍ പൊലീസ് & മീഡിയ’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങളാണ് ചോര്‍ന്നത്.

വാട്സ്ആപ് ഗ്രൂപ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ രണ്ട് വീഡിയോകളാണ് ആദ്യം പോസ്റ്റ് ചെയ്തത്. രാഷ്ട്രീയക്കാരനെ പോലെ വസ്ത്രം ധരിച്ച ഒരാളെ പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് ആദ്യ വീഡിയോയിലുളളത്. ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ ന്യായീകരിക്കുന്ന യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ വീഡിയോ ആണ് രണ്ടാമത് ഷെയര്‍ ചെയ്തിരിക്കുന്നത്.

ഇതിന് താഴെയായി അഹമ്മദാബാദ് ഡിഎസ്പി ആര്‍ബി ദേവ്ദയുടെ സന്ദേശവും ഉണ്ട്. ‘പൊലീസിന്റെ അച്ഛനാകാന്‍ ശ്രമിക്കുന്നവരും, പൊലീസിനെ ഒന്നിനും കൊളളാത്തവരെന്ന് വിളിക്കുന്നവരും, പൊലീസിന്റെ വീഡിയോ പകര്‍ത്തുന്നവരും ഇത് ഓര്‍ത്താല്‍ കൊളളാം. നിങ്ങളെ പോലെ ഉളളവരോട് പൊലീസ് ഇത് പോലെ ആയിരിക്കും, ഞങ്ങള്‍ പകരം വീട്ടിയിരിക്കും- ഗുജറാത്ത് പൊലീസ്’, ഇതായിരുന്നു ഡിഎസ്പിയുടെ സന്ദേശം.
എന്നാല്‍ തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ദേവ്ദ ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു. മറ്റൊരു ഗ്രൂപ്പില്‍ വന്ന സന്ദേശം കോപ്പി ചെയ്ത് അയക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ വ്യക്തിപരമായ പോസ്റ്റ് അല്ല അതെന്നും അതൊരു ഭീഷണി അല്ലെന്നും അദ്ദേഹം പറഞ്ഞു.

ഭീഷണി സന്ദേശം വൈറലായി മാറിയതോടെ ആശങ്കയറിയിച്ച് മേവാനി രംഗത്തെത്തി. ട്വിറ്ററില്‍ വാട്സ്ആപ് സന്ദേശത്തിന്റെ ലിങ്ക് അദ്ദേഹം ഷെയര്‍ ചെയ്തു. തന്നെ ഏറ്റുമുട്ടലിലൂടെ എങ്ങനെ കൊല്ലാമെന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സംഭാഷണം നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുമോ എന്ന് ചോദിച്ച് അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്. ഇത് വളരെ ഗുരുതരമായ ഭീഷണിയാണെന്നും ഡിജിപിക്കും ആഭ്യന്തര മന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ