ന്യു ഡൽഹി : ദലിതർക്കു നേരെ നടക്കുന്ന ആക്രമങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന പ്രധാനമന്ത്രി നിശബ്ദത വെടിയണമെന്ന് ദലിത് നേതാവും ഗുജറാത്തിലെ എം എൽ എയുമായ ജിഗ്നേഷ് മേവാനി ആവശ്യപ്പെട്ടു.

മുംബൈയിൽ റാലി നടത്താൻ അനുമതി നിഷേധിച്ചതിലൂടെ തന്നെ മോദി സർക്കാർ ഒതുക്കാൻ ശ്രമിക്കുകയാണെന്നും മേവാനി ആരോപിച്ചു. മഹാരാഷ്ട്രയിൽ ഈയടുത്തു നടന്ന വർഗീയ കലാപത്തെകുറിച്ചു നിലപാട് വ്യക്തമാക്കാൻ മേവാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

പൂനെയിൽ ഭീമ കൊറേഗാവിന്റെ വാർഷിക ദിനത്തോടനുബന്ധിച്ചു താൻ നടത്തിയ പ്രസംഗത്തിൽ ഒരു വാക്കു പോലും വർഗീയതയുണ്ടായിരുന്നില്ല. ഇതാണ് സത്യമെന്നിരിക്കെ പൊലീസ് എഫ് ഐ ആറിൽ പ്രകോപനപരമായി സംസാരിച്ചുവെന്ന തരത്തിൽ എഴുതിയത് പ്രതികാര നടപടിയാണെന്നും ജിഗ്നേഷ് പറഞ്ഞു.

“ബി ജെ പി ക്ക് തന്നെ പേടിയാണ്. തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം അവരുടെ ഒരു ലക്ഷ്യമായി തീർന്നിരിക്കുകയാണ് ഞാൻ “, മേവാനി പറഞ്ഞു.”ജാതിയില്ലാത്ത ഒരു ഇന്ത്യയാണ് ആവശ്യം .ഭീമ കൊറേഗവിന്റെ 200 ആമത് വാർഷിക ദിനത്തിൽ സമാധാനപരമായി പ്രകടനം നടത്താനും ഞങ്ങൾക്ക് അവകാശമില്ലേ?” മേവാനി ചോദിച്ചു.

ഈ മാസം ഒമ്പതിന് ദളിതർക്കും മറ്റു ന്യുന പക്ഷ വിഭാഗങ്ങൾക്കുമെതിരെ നടക്കുന്ന ക്രൂരതകൾക്കെതിരെ യുവ ജനങ്ങളെ അണിനിരത്തി റാലി സംഘടിപ്പിക്കുമെന്ന് ജിഗ്നേഷ് അറിയിച്ചു. യുവ സംഘടനകളുടെ നേതാക്കളും റാലിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

സമൂഹത്തിൽ സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിന് മേവാനിക്കും, ജെ എൻ യു സർവകലാശാലയിലെ വിദ്യാർത്ഥിനേതാവായ ഉമർ ഖാലിദിനുമെതിരെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് എടുത്തിരുന്നു.

ഭീമ കൊറേഗാവിന് വാർഷിക ദിന ആചാരണ വേളയിൽ മേവാനി തെരുവ് യുദ്ധത്തിന് ആഹ്വാനം ചെയ്തു എന്നാണ് പൊലിസ് ആരോപിക്കുന്നത്. തിരിച്ചടിക്കു സമയമായെന്നു പറഞ്ഞു എന്നാണ് ഉമർ ഖാലിനെതിരെയുള്ള പൊലീസിന്റെ ആരോപണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook