ന്യൂഡല്‍ഹി: മേയില്‍ കോവിഡ് വാക്‌സിന്‍ ഒട്ടും പാഴാക്കാതെ കേരളവും പശ്ചിമബംഗാളും. ഇരു സംസ്ഥാനങ്ങളുടെയും വേസ്‌റ്റേജ് നെഗറ്റീവ് രേഖപ്പെടുത്തിയപ്പോള്‍ ഝാര്‍ഖണ്ഡ് വാക്‌സിന്‍ പാഴാക്കിയ സംസ്ഥാനങ്ങളില്‍ ഒന്നാമതമായി. ഝാര്‍ഖണ്ഡ് പാഴാക്കിയത് 33.95 ശതമാനം വാക്‌സിന്‍.
കേരളത്തിന്റെ വാക്‌സിന്‍ പാഴാക്കല്‍ നിരക്ക് നെഗറ്റീവ് 6.37 ശതമാനമാണ്. പശ്ചിമ ബംഗാളിന്റേത് നെഗറ്റീവ് 5.48 ശതമാനവും. വാക്‌സിന്‍ ഉപയോഗത്തില്‍ സൂക്ഷ്മ പുലര്‍ത്തിയതോടെ കേരളം 1.10 ലക്ഷവും പശ്ചിമബംഗാള്‍ 1.61 ലക്ഷവും ഡോസുകള്‍ ലാഭിച്ചു.
ഛത്തീസ്ഗഡില്‍ 15.79 ശതമാനവും മധ്യപ്രദേശില്‍ 7.35 ശതമാനവും വാക്‌സിന്‍ പാഴായി. പഞ്ചാബ്- 7.08, ഡല്‍ഹി-3.95, രാജസ്ഥാന്‍-3.91, ഉത്തര്‍പ്രദേശ്-3.78, ഗുജറാത്ത്- 3.63, മഹാരാഷ്ട്ര- 3.59 എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങള്‍ പാഴാക്കിയ വാക്‌സിന്‍ ശതമാനം.
മേയില്‍ 790.6 ലക്ഷം ഡോസ് വാക്‌സിനാണ് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കുമായി വിതരണം ചെയ്തത്. ഇതില്‍ 658.6 ലക്ഷം ഷോട്ടുകള്‍ 610.6 ലക്ഷം വാക്‌സിനേഷനായി ഉപയോഗിച്ചു. 212.7 ലക്ഷമാണു ശേഷിച്ചത്.
രാജ്യത്ത് ഏപ്രിലിനെ അപേക്ഷിച്ച് മേയില്‍ വാക്‌സിനേഷന്‍ കുറവായിരുന്നു. ഏപ്രിലില്‍ 898.7 ലക്ഷം വാക്‌സിനേഷന്‍ നടത്തി. ഇതിനായി 902.2 ലക്ഷം ഡോസ് വാക്‌സിനാണ് ഉപയോഗിച്ചത്. ബാക്കിവന്നത് 80.8 ലക്ഷം.
Also Read: 14,424 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 194 മരണം
45 വയസ് മുതലുള്ളവര്‍ക്കുള്ള ആദ്യ ഡോസ് വാക്‌സിന്‍ രാജ്യത്ത് ജൂണ്‍ ഏഴു വരെ 38 ശതമാനം പേര്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഈ വിഭാഗത്തില്‍ ത്രിപുരയിലാണ് ഏറ്റവും പേര്‍ക്ക് ആദ്യ ഡോസ് നല്‍കിയത്, 92 ശതമാനം. രാജസ്ഥാന്‍, ഛത്തീസ്ഗഡ്- 65 ശതമാനം വീതം, ഗുജറാത്ത്-53 ശതമാനം, കേരളം- 51 ശതമാനം, ഡല്‍ഹിയി-49 ശതമാനം എന്നിങ്ങനെയാണ് മുന്‍പന്തിയിലുള്ള മറ്റു സംസ്ഥാനങ്ങള്‍.
തമിഴ്‌നാട്ടിലാണ് ഏറ്റവും കുറവ്, 19 ശതമാനം. ബിഹാര്‍- 25 ശതമാനം, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്- 24 ശതമാനം എന്നിവയാണ് തമിഴ്‌നാടിനു മുന്നിലുള്ള സംസ്ഥാനങ്ങള്‍.