റാഞ്ചി: ജാര്‍ഖണ്ഡിലെ പലാമു കടുവാ സങ്കേതത്തിലേക്ക് കര്‍ണാടകയില്‍ നിന്നും കൊണ്ടു വന്ന ആനകള്‍ക്ക് മുമ്പില്‍ പകച്ച് നിന്ന് പാപ്പാന്‍മാര്‍. കന്നഡയില്‍ ആജ്ഞാപിച്ചാല്‍ മാത്രം അനുസരിക്കുന്ന മൂന്ന് ആനകളെ മെരുക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് പാപ്പാന്‍മാര്‍. ‘പീഛേമൂഡും ബായേമൂഡും’ പറഞ്ഞിട്ടും ആനകള്‍ അനങ്ങിയില്ല. ‘താന്‍ മാതൃഭാഷയില്‍ സംസാരിക്കെടോ’ എന്ന ശരീരഭാഷയാണ് ആനകള്‍ക്കെന്നാണ് പാപ്പാന്‍മാരുടെ പക്ഷം. നേരത്തേ കര്‍ണാടകയിലെ ബന്ദിപൂര്‍ ദേശിയോദ്യാനത്തിലായിരുന്നു ആനകള്‍ ഉണ്ടായിരുന്നത്.

കഴിഞ്ഞ മാസമാണ് ഇവയെ ജാര്‍ഖണ്ഡിലെത്തിച്ചത്. ഭാഷ കൊണ്ടുളള തടസ്സം മാറ്റാനായി പാപ്പാന്‍മാരെ കന്നഡയും ആനകളെ ഹിന്ദിയും പഠിപ്പിക്കാനാണ് കടുവാ സങ്കേത അധികൃതരുടെ തീരുമാനം. ‘ആനകള്‍ ഇപ്പോള്‍ ഉച്ചാരണവും ശരീരഭാഷയും മാത്രമാണ് മനസ്സിലാകുന്നത്. എന്നാല്‍ ഹിന്ദിയിലേയും കന്നഡയിലേയും ഉച്ചാരണം വ്യത്യസ്തമായത് കൊണ്ട് തന്നെ ആന ഒന്നും കേള്‍ക്കാത്തത് പോലെയാണ് നില്‍ക്കുന്നത്’, പലാമു സങ്കേതത്തിന്റെ ഡയറക്ടര്‍ പറഞ്ഞു.

മൂന്ന് പാപ്പാന്‍മാരാണ് ഇപ്പോള്‍ ആനകളെ നോക്കുന്നത്. കാല ഭൈരവ്, സീത, ഇവരുടെ കുട്ടിയാന മുരുകേശന്‍ എന്നിവരാണ് നാടുവിട്ട് ജാര്‍ഖണ്ഡിലെത്തിയത്. കടുവാ സങ്കേതത്തില്‍ എത്തുന്ന സഞ്ചാരികള്‍ക്കൊപ്പം പോകാനും കാട്ടില്‍ പട്രോളിങ്ങ് നടത്താനുമായാണ് മാര്‍ച്ച് 27ന് ആനകളെ എത്തിച്ചത്.

കര്‍ണാടകയില്‍ നിന്നുളള ഹിന്ദി അറിയാവുന്ന പാപ്പാന്‍മാരെ വരുത്തിയാണ് ഭാഷാ പ്രശ്നം പരിഹരിക്കുന്നത്. ഒരു മാസം കൊണ്ട് ആനകളെ പഠിപ്പിക്കാമെന്നായിരുന്നു ധാരണയെങ്കിലും സമയം ഇനിയും എടുക്കുമെന്നാണ് പാപ്പാന്‍മാര്‍ പറയുന്നത്. പെട്ടെന്ന് മറ്റൊരു ഭാഷയില്‍ ആജ്ഞ കേള്‍ക്കുകയോ, അല്ലെങ്കില്‍ അതേ രീതിയിലുളള ഉച്ചാരണം ഇല്ലാതിരിക്കുമ്പോഴോ ആനകള്‍ക്ക് പെട്ടെന്ന് പിടികിട്ടില്ലെന്നാണ് വന്യജീവി സംരക്ഷണ വിദഗ്ദരുടെ അഭിപ്രായം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ