കൊദെർമ(ഝാർഖണ്ഡ്): മകന്റെ വിവാഹ സത്കാരത്തിൽ നിരോധിച്ച ഇറച്ചി വിളമ്പിയെന്ന് ആരോപിച്ച് പിതാവിനെ നാട്ടുകാർ കൈയ്യേറ്റം ചെയ്തു. ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ടയാൾക്കാണ് ആക്രമണത്തിന് ഇരയാകേണ്ടി വന്നത്. ഗ്രാമത്തിൽ വർഗ്ഗീയ സംഘർഷത്തിനുളള സാധ്യതയുളളതിനാൽ സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് നിരോധനാജ്ഞയ്ക്ക് ഉത്തരവിട്ടിട്ടുണ്ട്. അക്രമം നടത്തിയ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് ശിവാനി തിവാരി പറഞ്ഞു.സമൂഹമാധ്യമങ്ങൾ വഴി സംഘർഷത്തിന് ആഹ്വാനം ചെയ്യുന്നത് തടയാനും പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയതായി ശിവാനി പറഞ്ഞു.

നിരോധിച്ച മാംസം തന്നെയാണോ വിളമ്പിയതെന്ന് അറിയാൻ ഇത് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് ശിവാനി വ്യക്തമാക്കി.

വിവാഹം നടന്ന വീടിന്റെ പുറക് വശത്തെ പാടത്ത് കുളമ്പും എല്ലും കണ്ടെത്തിയതോടെയാണ് ഇത് നിരോധിക്കപ്പെട്ട മാംസം ആണെന്ന് ഗ്രാമവാസികൾക്ക് തോന്നിയത്.

പിന്നാലെ വിവാഹം നടന്നന വീട്ടിലേക്ക് അതിക്രമിച്ച കടന്ന നാട്ടുകാരിലെ ഒരു സംഘം ഗൃഹനാഥനെ മാരകമായി അടിച്ച് പരിക്കേൽപ്പിച്ചു. ഗുരുതരാവസ്ഥയിലായ ഇയാളെ രാജേന്ദ്ര മെഡിക്കൽ സയൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗ്രാമത്തിൽ മറ്റ് വീടുകൾക്ക് നേരെയും ആക്രമണം നടന്നു. വീടുകൾക്ക് പുറമെ നിരവധി വാഹനങ്ങളും അക്രമികൾ തകർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ