scorecardresearch
Latest News

അയോഗ്യതയില്‍ സസ്‌പെന്‍സ് തുടരുന്നതിനിടെ എം എല്‍ എമാര്‍ക്കൊപ്പം ഹേമന്ത് സോറന്റെ ബോട്ട് യാത്ര

49 ഭരണകക്ഷി എം എല്‍ എമാര്‍ മൂന്ന് ബസുകളിലായാണു തലസ്ഥാനം വിട്ടത്

അയോഗ്യതയില്‍ സസ്‌പെന്‍സ് തുടരുന്നതിനിടെ എം എല്‍ എമാര്‍ക്കൊപ്പം ഹേമന്ത് സോറന്റെ ബോട്ട് യാത്ര

റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യക്കുന്നതു സംബന്ധിച്ച കേന്ദ്രദ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിനെക്കുറിച്ചുള്ള സസ്‌പെന്‍സ് തുടരുന്നതിനിടെ എം എൽ എമാർക്കൊപ്പം ബോട്ട് യാത്ര നടത്തി മുഖ്യമന്ത്രി ഹേമന്ത് സോറൻ. അദ്ദേഹം ഉൾപ്പെടെയുള്ള 49 ഭരണകക്ഷി എം എല്‍ എമാര്‍ മൂന്ന് ബസുകളിലായി ഖുന്തി ജില്ലയിലേക്കു യാത്ര തിരിച്ചിരുന്നു.

സര്‍ക്കാരിനെ അട്ടിമറിമറിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഭരണകക്ഷി എം എല്‍ എമാര്‍ അയല്‍ സംസ്ഥാനങ്ങളിലേക്കു മാറിയേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണു ഖുന്തിയിലേക്കുള്ള യാത്ര. സര്‍ക്കാരിനെ താഴെയിറക്കാന്‍ പദ്ധതിയിട്ടതിനു കോണ്‍ഗ്രസിന്റെ മൂന്ന് എം എല്‍ എമാരെ പശ്ചിമ ബംഗാളില്‍വച്ച് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.

ഖനന, പരിസ്ഥിതി വകുപ്പുകളുടെ ചുമതല വഹിക്കവെ സ്വന്തം പേരില്‍ ഖനനം പാട്ടം നേടിയതിന്റെ പേരിലാണു മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യത നേരിടുന്നു. വിഷയത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഗവര്‍ണറെ അഭിപ്രായം അറിയിച്ചിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ തന്റെ അഭിപ്രായം കമ്മിഷനെ അറിയിച്ചു. അയോഗ്യത സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനാണ് അന്തിമ നടപടി സ്വീകരിക്കേണ്ടത്.

അയോഗ്യതയുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് ഭാവി പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാന്‍ ഹേമന്ത് സോറന്‍ വെള്ളിയാഴ്ച മുതല്‍ മൂന്നു മാരത്തണ്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിരുന്നു.

”തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ഗവര്‍ണര്‍ പുറപ്പെടുവിക്കുന്നതു വരെ കാത്തിരിക്കുകയെന്നതാണ് തന്ത്രം. അതു നേരിടാന്‍ ഞങ്ങള്‍ സജ്ജമാണ്. എങ്കിലും എല്ലാ എം എല്‍ എമാരെയും നിരീക്ഷിക്കേണ്ടതുണ്ട്. ഞങ്ങള്‍ ആട്ടിറച്ചിയും ചോറും കഴിക്കാന്‍ കുന്തിയിലെ ലതട്ടുവിലേക്കു പോകുന്നു,” ബസിലുണ്ടായിരുന്ന എം എല്‍ എ മാരില്‍ ഒരാള്‍ പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയില്‍ പറഞ്ഞു.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍’ എല്ലാ ഭരണഘടനാ ഏജന്‍സികളെയും കേന്ദ്രസര്‍ക്കാര്‍ അഴിച്ചുവിടുകയാണെന്നു ഹേമന്ത് സോറന്‍ വെള്ളിയാഴ്ച ആരോപിച്ചിരുന്നു. ”സംസ്ഥാനത്തിനു നല്‍കാനുള്ള നിയമാനുസൃതമായ 1.36 ലക്ഷം കോടി രൂപ കുടിശിക ചോദിച്ചതിനെത്തുടര്‍ന്ന് കേന്ദ്രം എല്ലാ ഏജന്‍സികളെയും എന്റെ മേല്‍ അഴിച്ചുവിട്ടു. അവര്‍ക്ക് എന്നെ ഉപദ്രവിക്കാന്‍ കഴിയില്ലെന്നു കാണുമ്പോള്‍ അവര്‍ എന്നിലേക്കെത്താന്‍ ‘ഗുരുജി’ (ഷിബു സോറന്‍) യെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയാണ്,” ഹേമന്ത് സോഹന്‍ പിന്നീട് ട്വീറ്റ് ചെയ്തു.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 9(എ) വകുപ്പ് ലംഘിച്ചതിന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി പ്രവര്‍ത്തകനാണു ഹേമന്ത് സോറനെതിരെ ഹര്‍ജി നല്‍കിയത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Jharkhand governor hemant soren disqualification