റാഞ്ചി: ജാർഖണ്ഡിൽ മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകരായ അഞ്ചു സ്ത്രീകളെ തട്ടിക്കൊണ്ടു പോയി തോക്കിന്‍മുനയില്‍ പീഡിപ്പിച്ച അക്രമികളില്‍ ഒരാളുടെ ചിത്രം പുറത്തുവിട്ടു. അക്രമികള്‍ പകര്‍ത്തിയ പീഡനദൃശ്യങ്ങളിലെ ചിത്രമാണ് പൊലീസ് പുറത്തുവിട്ടത്.

ഖുന്തി ജില്ലയിലെ ഒരു ആദിവാസി മേഖലയിൽ ഈ മാസം 19ന് നടന്ന അതിക്രമം കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. റാഞ്ചിയിൽ നിന്ന് 90 കിലോമീറ്റർ അകലെയുള്ള കൊചാങ് ഗ്രാമത്തിലെ ആർ.സി മിഷൻ സ്കൂളിൽ മനുഷ്യക്കടത്തിനെതിരായ പ്രചാരണത്തിന് എത്തിയതായിരുന്നു സ്ത്രീകൾ ഉൾപ്പെടെയുള്ള പതിനൊന്നംഗ സംഘം. ഇവർ സ്കൂളിൽ തെരുവ് നാടകം അവതരിപ്പിക്കുമ്പോൾ മോട്ടോർ സൈക്കിളിലും കാറിലും എത്തിയ ആയുധ ധാരികൾ സംഘത്തിലെ പുരുഷന്മാരെ മർദ്ദിച്ച് അവശരാക്കിയ ശേഷം അഞ്ച് സ്ത്രീകളെ കാറിൽ വലിച്ചുകയറ്റി കൊണ്ടു പോകുകയായിരുന്നു.

അക്രമികളുടെ അറസ്റ്റിനായി സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പൊലീസ് 50,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചു. 12 ഓളം പേരാണ് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് നിഗമനം. ‘കുറ്റവാളികളെ പിടികൂടാനായി മൂന്ന് പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടില്ല. പക്ഷെ ഇതിന്റെ ഒരു ചിത്രമാണ് ലഭിച്ചിട്ടുളളത്’, പൊലീസ് വ്യക്തമാക്കി.

ജാര്‍ഖണ്ഡില്‍ മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒയിലെ അംഗങ്ങളെ ആണ് കഴിഞ് ദിവസം ത്ട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. വിജനമായ സ്ഥലത്ത് എത്തിച്ച സ്ത്രീകളെ തോക്കുചൂണ്ടി കൂട്ടമാനഭംഗം ചെയ്യുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പൊലീസിനെ അറിയിച്ചാൽ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. മൂന്ന് മണിക്കൂറിന് ശേഷമാണ് അക്രമികൾ സ്ത്രീകളെ മോചിപ്പിച്ചത്. സംഘത്തിലെ രണ്ട് കന്യാസ്ത്രീകളെ ഇവർ ഉപദ്രവിക്കാതെ വിട്ടു.

11 അംഗ സംഘം ആയിരുന്നു മനുഷ്യക്കടത്തിനെതിരെയുള്ള തെരുവ് നാടകത്തില്‍ ഉണ്ടായിരുന്നത്. അപ്രതീക്ഷിതമായി ഒരു സംഘം ആയുധങ്ങളുമായി എത്തുകയും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവുകയും ആയിരുന്നു. കൂട്ടത്തില്‍ ഉണ്ടായിരുന്ന പുരുഷന്‍മാരെ തല്ലിവീഴ്ത്തിയതിന് ശേഷം ആയിരുന്നു ഇത്.
സംഭവത്തിന് പിന്നില്‍ പത്താല്‍ഗഡിയെ പിന്തുണയ്ക്കുന്നവരാണ് എന്നാണ് പുറത്ത് വരുന്ന വിവരം. ഒരു ഗോത്ര സംവിധാനം ആണ് പതാല്‍ഗഡി. അവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് അവര്‍ മാത്രമാണ്. ഇവരുടെ ഗ്രാമങ്ങളില്‍ പോലീസിനോ മറ്റ് അധികാരികള്‍ക്കോ പ്രവേശനം പോലും ലഭിക്കാറില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ