ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ ബിജെപി സർക്കാർ അധികാരത്തിലേറി ഏഴ് മാസം തികയുമ്പോൾ, ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്, ജെഎംഎം, ആർജെഡി മഹാസഖ്യത്തോട് ഏറ്റുമുട്ടി കനത്ത പരാജയമാണ് ബിജെപിക്ക് നേരിടേണ്ടി വന്നത്.
ഇതോടെ ഈ വർഷം ബിജെപിക്ക് അധികാരം നഷ്ടപ്പെടുന്ന അഞ്ചാമത്തെ സംസ്ഥാനമായി മാറിയിരിക്കുകയാണ് ജാർഖണ്ഡ്. നേരത്തേ മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ബിജെപി സർക്കാർ പരാജയപ്പെട്ട് അധികാരത്തിൽ നിന്ന് പുറത്തു പോയിരുന്നു.
ജംഷദ്പൂർ ഈസ്റ്റിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട മുഖ്യമന്ത്രി രഘുബർദാസ് തന്റെ ഗവർണർ ദ്രൗപതി മർമുവിനെ കണ്ട് തന്റെ രാജി സമർപ്പിച്ചു. ബിജെപി വിമതൻ സരയു റോയ്യോടാണ് രഘുബർദാസ് പരാജയപ്പെട്ടത്. 81 സീറ്റുകളിൽ മഹാസഖ്യം 47 സീറ്റുകൾ നേടിയപ്പോൾ ബിജെപി 25 സീറ്റുകളിലേക്ക് ഒതുങ്ങുകയായിരുന്നു.
Read More: ജാര്‍ഖണ്ഡിലെ തോല്‍വി; ജനവിധി മാനിക്കുമെന്ന് അമിത് ഷാ
81 സീറ്റുകളിൽ ജെഎംഎം 30, കോൺഗ്രസ് 16, ആർജെഡി 1, എൻസിപി 1, ഇൻഡിപെൻഡന്റ്സ് 2, ജെവിഎം (പി) 3, സിപിഐ (എം-എൽ) (എൽ) 1, ബിജെപി 25, എജെഎസ്യു 2 എന്നിങ്ങനെ സീറ്റുകൾനേടി.
തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ഭാവിയിലെ പ്രവർത്തന ഗതി ആസൂത്രണം ചെയ്യുന്നതിന് എല്ലാ സഖ്യ കക്ഷികളും യോഗം ചേരുമെന്ന് ഹേമന്ത് സോറൻ പറഞ്ഞു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ആർജെഡി മേധാവി ലാലു പ്രസാദ്, പിതാവ് ഷിബു സോറൻ എന്നിവരോട് അദ്ദേഹം നന്ദി പറഞ്ഞു. സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം നൽകിയെന്ന് ജാർഖണ്ഡിലെ ജനങ്ങളോട് അദ്ദേഹം നന്ദി പറഞ്ഞു. “ഒരു പുതിയ അധ്യായത്തിന്റെ തുടക്കം, ഇതൊരു നാഴികക്കല്ലായിരിക്കും. നിങ്ങളുടെ പ്രതീക്ഷകൾ തകർക്കില്ലെന്ന് എല്ലാ വിഭാഗത്തിലുമുള്ള ആളുകൾക്ക് ഞാൻ ഉറപ്പ് തരുന്നു,” അദ്ദേഹം പറഞ്ഞു.
ജാര്‍ഖണ്ഡിലെ ജനവിധി മാനിക്കുമെന്നും അത് അംഗീകരിക്കുമെന്നുമായിരുന്നു ബിജെപി അധ്യക്ഷൻ അമിത് ഷായുടെ പ്രതികരണം. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഭരിക്കാന്‍ അവസരം നല്കിയ ജാര്‍ഖണ്ഡിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നതായും ഷാ പറഞ്ഞു. സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഇനിയും നില്‍ക്കുമെന്നും അമിത് വ്യക്തമാക്കി.
ജാര്‍ഖണ്ഡില്‍ വിജയം നേടിയ മഹാസഖ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിന് നന്ദി പറയുന്നതായും ഇപ്പോഴത്തെ തിരഞ്ഞെടുപ്പില്‍ വിജയിച്ച മഹാസഖ്യത്തിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും മോദി പറഞ്ഞു. തുടര്‍ന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും മോദി വ്യക്തമാക്കി.