റാഞ്ചി: ജാർഖണ്ഡ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 42 സീറ്റുകൾ നേടിയ മഹാസഖ്യം മുന്നിട്ടു നിൽക്കുകയാണ്. ബിജെപിക്ക് 28 സീറ്റും എജെഎസ്‌യുപി രണ്ട് സീറ്റിലും മുന്നിലാണ്. ഒമ്പത് സീറ്റുകളിൽ മറ്റുള്ളവരും മുന്നിട്ടു നിൽക്കുന്നു. ജാർഖണ്ഡ് മുക്തി മോർച്ച-കോൺഗ്രസ്-ജനതാദൾ പാർട്ടികളടങ്ങുന്ന മഹാസഖ്യം അധികാരം ഉറപ്പാക്കി കഴിഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായും ദേശീയ പൗരത്വ പട്ടികയ്ക്കെതിരായും രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങൾ അലയടിക്കുന്നതിനിടയിലാണ് ജാർഖണ്ഡ് നിയമസഭാ വോട്ടെടുപ്പ് ഫലം വരുന്നത്. 81 അംഗ നിയമസഭയിലേക്ക് അഞ്ചു ഘട്ടങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ്.

മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ രഘുബര്‍ ദാസ് ജാംഷെഡ് പൂര്‍ ഈസ്റ്റ് മണ്ഡലത്തില്‍ 771 വോട്ടിനു പിന്നിലാണ്. ബിജെപി റിബല്‍ സര്യു റായ് ആണ് ഇവിടെ മുന്നില്‍. ശിഖരിപര, സിസൈ, ചൈബാസ, ബോറിയോ, ചക്രാദർപൂർ, ഇച്ചഖഡ് സീറ്റുകളിൽ മഹാസഖ്യമാണ് മുന്നിൽ. എൻസിപിയും നാലു സീറ്റുകളിൽ മുന്നിലാണ്. എൻസിപി കൂടി മഹാസഖ്യത്തിന്റെ ഭാഗമായാൽ സർക്കാർ രൂപീകരണം അനായാസമാകുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു.

81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍ 38 മുതല്‍ 50 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേ പ്രവചിക്കുന്നത്. അതേസമയം, ബിജെപി 32 സീറ്റുകളും കോണ്‍ഗ്രസ്-ജെഎംഎം സഖ്യം 35 സീറ്റുകളും നേടുമെന്നാണ് സീ വോട്ടര്‍ സർവേയില്‍ പറയുന്നത്. പ്രാദേശിക മാധ്യമമായ കാഷിഷ് ന്യൂസ് പുറത്തു വിട്ട എക്സിറ്റ് പോള്‍ പ്രകാരം കോണ്‍ഗ്രസ്-ജെഎംഎം സഖ്യം 37 മുതല്‍ 49 വരെ സീറ്റുകള്‍ നേടും. ബിജെപി 25 മുതല്‍ 35 വരെ സീറ്റുകളും മറ്റുള്ളവര്‍ക്ക് നാല് മുതല്‍ എട്ടുവരെ സീറ്റുകളും ലഭിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook