റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു. ജാർഖണ്ഡിന്റെ 11-ാം മുഖ്യമന്ത്രിയായാണ് ഹേമന്ത് സോറൻ അധികാരത്തിലെത്തുന്നത്. മൊഹ്റാബാദി മൈതാനത്ത് നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ഹേമന്ത് സോറനെ കൂടാതെ കോൺഗ്രസ് നേതാവ് രാമേശ്വർ ഓറയോണും ആർജെഡി നേതാവ് സത്യാനന്ദ് ഭോക്തയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.
സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷ ഐക്യത്തിന് കൂടിയാണ് വേദിയായത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി, എൻസിപി അധ്യക്ഷൻ ശരദ് യാദവ്, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിൻ ആർജെഡി നേതാവ് തേജസ്വി യാദവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Read Also: ഭര്‍ത്താവിനൊപ്പം താമസിക്കാനാവാതെ ‘ഇന്ത്യയുടെ മരുമകള്‍’; പൗരത്വനിയമത്തില്‍ ഭയപ്പെട്ട് ദമ്പതികള്‍
നേരത്തെ ഉപമുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറന്റെ നേതൃത്വത്തിൽ സഖ്യ സർക്കാരാണ് ഇപ്പോൾ അധികാരത്തിലെത്തുന്നത്. 2009 മുതൽ 2013 വരെ അർജുൻ മുണ്ടെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്നു ഹേമന്ത് സോറൻ. 44കാരനായ ഹേമന്ത് സോറൻ, ജാർഖണ്ഡ് മുക്തി മോർച്ച അധ്യക്ഷൻ ഷിബു സോറന്റെ മകനാണ്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ബിജെപിയെ തകര്‍ത്താണു ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള ത്രികക്ഷിസഖ്യം ജാര്‍ഖണ്ഡില്‍ അധികാരത്തിലെത്തിയത്. 81 അംഗ നിയമസഭയില്‍ 47 സീറ്റാണു ത്രികക്ഷി സഖ്യത്തിനു ലഭിച്ചത്. സീറ്റ് നില ഇങ്ങനെ: ജെഎംഎം- 30, കോണ്‍ഗ്രസ് -16, ആര്‍ജെഡി- ഒന്ന്. മൂന്ന് സീറ്റ് നേടിയ ബാബുലാല്‍ മറാന്‍ഡിയുടെ ജെവിഎം (പി) സഖ്യത്തിനു നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിക്കു 25 സീറ്റാണു നേടാനായത്.