റാഞ്ചി: അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യലിനു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ മൂന്നാഴ്ചത്തെ സമയം തേടി ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. ഔദ്യോഗിക വൃത്തങ്ങളില്‍നിന്നുള്ളതാണ് ഈ വിവരം.
ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്നു വ്യക്തമാക്കി ഹേമന്ത് സോറന് ഇ ഡിക്കു കത്ത് നല്‍കിയതായതാണു വിവരം. ഔദ്യോഗിക തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണിത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഇ ഡിക്കു കത്ത് ലഭിച്ചതായും ചോദ്യം ചെയ്യലിനു ഹാജരാവാന്‍ കുറഞ്ഞത് മൂന്നാഴ്ചത്തെ സമയം അനുവദിക്കണമെന്നും അതില്‍ അഭ്യര്‍ഥിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
പുതിയ സാഹചര്യത്തില്‍, ചോദ്യം ചെയ്യലിനു ഹാജരാവാന്‍ ഹേമന്ത് സോറന് ഇ ഡി പുതിയ തീയതി ഉടന്‍ അനുവദിച്ചേക്കും. താന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്ക്കുന്നതിനു പകരം, വന്ന് അറസ്റ്റ് ചെയ്‌തോളൂയെന്നു ഹേമന്ത് സോറന്‍ ഇന്നു പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ ഇന്നു പറഞ്ഞിരുന്നു.
”ഗൂഢാലോചനയെത്തുടര്‍ന്നാണ് ഇ ഡി എന്നെ വിളിപ്പിച്ചത്. ഞാന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്ക്കുന്നതിനു പകരം വന്ന് അറസ്റ്റ് ചെയ്യൂ. എനിക്ക് ഭയമോ ആശങ്കയോ ഇല്ല. ഞാന്‍ കൂടുതല്‍ ശക്തനാണ്. ഝാര്‍ഖണ്ഡിലെ ജനങ്ങള്‍ ആഗ്രഹിച്ചാല്‍ എതിരാളികള്‍ക്ക് ഒളിക്കാന്‍ ഒരിടം കണ്ടെത്താനാവില്ല,” തന്റെ വസതിക്കു സമീപം പാര്‍ട്ടി അണികളെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.