ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരണത്തിനു ഗവര്‍ണറുടെ ക്ഷണം ലഭിച്ചതിനുപിന്നാലെ ജെഎംഎം വര്‍ക്കിങ് പ്രസിഡന്റ് നേതാവ് ഹേമന്ദ് സോറന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചു. 29നു റാഞ്ചിയില്‍ നടക്കുന്ന ജെഎംഎം-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അദ്ദേഹം സോണിയയെ ക്ഷണിച്ചു.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജെഎംഎം നിയമസഭാ കക്ഷി നേതാവുകൂടിയായ ഹേമന്ദ് സോറനെ ഇന്നാണ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു ക്ഷണിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് സോറന് ചൊവ്വാഴ്ച രാത്രി ഗവര്‍ണര്‍ സന്ദര്‍ശിച്ചിരുന്നു. 50 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നു സോറന് ഗവര്‍ണറെ അറിയിച്ചിരുന്നു.
സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്കായി ഇന്ന് ഉച്ചകഴിഞ്ഞാണു ഹേമന്ദ് സോറന് ദില്ലിയിലെത്തിയത്. സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിച്ചതിന് കോണ്‍ഗ്രസിനും അതിന്റെ നേതൃത്വത്തിനും നന്ദി പറയാന്‍ സോറന് ആഗ്രഹിക്കുന്നുവെന്നു അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളായ കെസി വേണുഗോപാല്‍, ജാര്‍ഖണ്ഡിലെ പാര്‍ട്ടിയുടെ ചുമതലയുള്ള ആര്‍പിഎന്‍ സിങ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്കു സോറന് ക്ഷണിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. 29ന് ഉച്ചയ്ക്ക് ഒന്നിനു റാഞ്ചിയിലെ മൊറാബാദി മൈതാനത്തായിരിക്കും സത്യപ്രതിജ്ഞ.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ബിജെപിയെ തകര്‍ത്താണു ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള ത്രികക്ഷിസഖ്യം ജാര്‍ഖണ്ഡില്‍ അധികാരത്തിലെത്തിയത്. 81 അംഗ നിയമസഭയില്‍ 47 സീറ്റാണു ത്രികക്ഷി സഖ്യത്തിനു ലഭിച്ചത്.
സീറ്റ് നില ഇങ്ങനെ: ജെഎംഎം- 30, കോണ്‍ഗ്രസ് -16, ആര്‍ജെഡി- ഒന്ന്. മൂന്ന് സീറ്റ് നേടിയ ബാബുലാല്‍ മറാന്‍ഡിയുടെ ജെവിഎം (പി) സഖ്യത്തിനു നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിക്കു 25 സീറ്റാണു നേടാനായത്.