scorecardresearch
Latest News

‘മാധ്യമങ്ങൾ സഹിഷ്ണുത കാണിക്കുന്നില്ല, എല്ലാ ബലാത്സംഗകേസുകളും റിപ്പോർട്ട് ചെയ്യുന്നു’:മനേകാ ഗാന്ധി

‘മറ്റു രാജ്യങ്ങളില്‍ ബലാത്സംഗവും മാനഹാനികളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല’

Maneka Gandhi

ന്യൂഡൽഹി: മാധ്യമങ്ങള്‍ എല്ലാ ബലാത്സംഗക്കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നും അതുകൊണ്ടാണ് ആളുകളുടെ മനസില്‍ ഇവ നിലനില്‍ക്കുന്നതെന്നും കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി. ഉത്തർപ്രദേശിലെ ജെവാറില്‍ കാര്‍ തടഞ്ഞുനിര്‍ത്തി നാല് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഇന്ത്യ ടുഡെയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

‘ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിനു ശേഷം ബലാത്സംഗ സംബവത്തിനോടും മാധ്യമങ്ങള്‍ സഹിഷ്ണുത കാട്ടുന്നില്ല. മറ്റു രാജ്യങ്ങളില്‍ ബലാത്സംഗവും മാനഹാനികളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല. എന്നാല്‍ ഇന്ത്യയില്‍ എല്ലാ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അതുകൊണ്ടുതന്നെ എല്ലാവരുടെയും മനസില്‍ ഇക്കാര്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു’ മന്ത്രി പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.

കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന നാല് സ്ത്രീകളെയാണ് കാറിൽ നിന്ന് വലിച്ചിറക്കി ആറംഗ സംഘം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. ഇവരെ തടയാൻ ശ്രമിച്ച യുവാവിനെ ആക്രമികൾ വെടിവച്ചു കൊന്നു. ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിച്ച ശേഷം രാത്രി മടങ്ങുകയായിരുന്നു കുടുംബം ഉത്തര്‍ പ്രദേശിലെ ജേവര്‍-ബുലന്ദേശ്വര്‍ ഹൈവേയിലാണ് ആക്രമിക്കപ്പെട്ടത്.

യാത്രാമദ്ധ്യേ രാത്രി ഒരു മണിയോടെ ഇവര്‍ സഞ്ചരിക്കുന്ന കാര്‍ ഹൈവേയുടെ മധ്യത്തില്‍ വച്ച് ഒരു ലോഹവസ്തുവില്‍ തട്ടി നിൽക്കുകയായിരുന്നു. ശേഷം ആറംഗ അക്രമി സംഘം ഇവരുടെ മേല്‍ ചാടി വീഴുകയായിരുന്നു. സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതു കണ്ട് കൂട്ടത്തിലുണ്ടായിരുന്ന പുരുഷന്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷമായിരുന്നു സ്ത്രീകളെ ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് ശേഷം ഇവരുടെ പണവും മറ്റും കവര്‍ന്ന ശേഷമാണ് അക്രമികള്‍ രക്ഷപ്പെട്ടത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Jewar incident maneka gandhi slams media for reporting every rape case