മുംബൈ: മാർച്ച് അവസാനത്തോടെ ശമ്പള കുടിശിക തീർത്ത് തന്നില്ലെങ്കിൽ ഏപ്രിൽ ഒന്നുമുതൽ പണിമുടക്കുമെന്ന് അറിയിച്ച ജെറ്റ് എയർവെയ്സ് പൈലറ്റുമാർ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് വീണ്ടും കത്തയച്ചു. തങ്ങളും മനുഷ്യന്മാരാണെന്നും കടക്കെണിയിലാണെന്നും ബോയിങ് 777 കമാന്‍ഡറായ ക്യാപ്റ്റന്‍ കരണ്‍ ചോപ്ര പറഞ്ഞു.
‘ഇഎംഐ അടയ്ക്കേണ്ട പൈലറ്റുമാരുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസവും വൃദ്ധരായ മാതാപിതാക്കളുടെ ആശുപത്രി ചെലവുകളും നോക്കണം. കടം കാരണം വിവാഹങ്ങള്‍ മാറ്റി വച്ചു. യുവ പൈലറ്റുമാര്‍ എന്നെ വിളിച്ച് പറയുകയാണ് ‘സാര്‍ അമ്മയുടെ സ്വര്‍ണാഭരണം പണയം വയ്ക്കേണ്ടി വന്നെന്ന്’. മാനേജ്മെന്റിനോട് ഇടപെട്ട് എത്രയും പെട്ടെന്ന് ശമ്പളം തരണമെന്നാണ് അവര്‍ അപേക്ഷിക്കുന്നത്,’ ക്യാപ്റ്റന്‍ ചോപ്ര പറഞ്ഞു.
കഴിഞ്ഞ നാല് മാസത്തെ കുടിശിക തീർക്കാനാണ് പൈലറ്റുമാർ ആവശ്യപ്പെട്ടിരിക്കുന്നത്. ശമ്പളം ലഭിക്കാതിരിക്കുന്നതും വൈകുന്നതും മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ ജോലിയെയും വിമാനങ്ങളുടെ സുരക്ഷയെയും ബാധിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടി ജെറ്റ് എയർവേസ് എൻജിനീയർമാരുടെ സംഘടന സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന് കത്തയച്ചിരുന്നു.
എന്നാൽ ജെറ്റ് എയർവേസ് വിമാനങ്ങൾ സുരക്ഷിതമായാണ് പറക്കുന്നതെന്നും സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരിക്കുന്നുവെന്നും പിന്നീട് എൻജിനീയർമാരുടെ സംഘടന വ്യക്തമാക്കി. ജെറ്റ് എയർലൈൻസിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ വ്യോമയാനമന്ത്രി സുരേഷ് പ്രഭു ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
നിലവിൽ ജെറ്റ് എയർവെയ്സിന്റെ 41 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. വരും ആഴ്ചകളിൽ കൂടുതൽ വിമാനങ്ങൾ റദ്ദാക്കേണ്ടി വരുമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ വ്യക്തമാക്കി. ജെറ്റ് എയർവേസിന് 119 വിമാനങ്ങളാണുള്ളത്. എന്നാൽ ജീവനക്കാരുടെ പ്രക്ഷോഭത്തെ തുടർന്ന് പലതും റദ്ദാക്കേണ്ടി വന്നു. സാഹചര്യങ്ങൾ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമെങ്കിൽ ഈ മാസം അവസാനത്തോടെ എന്തെങ്കിലും നടപടി സ്വീകരിക്കുമെന്നും ജെറ്റ് എയർവേസ് വക്താവ് പറഞ്ഞു.
ജെറ്റ് എയർവെയ്സിന് 8200കോടിയുടെ കടബാധ്യതയുണ്ട്. മാർച്ച് അവസാനത്തോടെ 1700 കോടി തിരിച്ചടയ്ക്കേണ്ടതുണ്ട്. അടിയന്തരമായി 750 കോടി നൽകണമെവന്നാവശ്യപ്പെട്ട് ജെറ്റ് എയർവെയ്സ് ചെയർമാൻ നരേഷ് ഗോയൽ എത്തിഹാദ് എയർവേസ് ഗ്രൂപ്പ് സിഇഒ ടോണി ഡഗ്ളസിന് കത്തയച്ചിരുന്നു. എത്തിഹാദ് എയർവെയ്സിനും ജെറ്റ് എയർവെയ്സിൽ ഓഹരിയുണ്ട്.