മുംബൈ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍വേസ് തിങ്കളാഴ്ച വരെ സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചതിനു പിന്നാലെ പ്രതിഷേധവുമായി ഉദ്യോഗസ്ഥര്‍. മുംബൈ വിമാനത്താവളത്തില്‍ വെള്ളിയാഴ്ചയാണ് തങ്ങളുടെ മുടങ്ങിയ ശമ്പളം ആവശ്യപ്പെട്ട് ഗ്രൗണ്ട് സ്റ്റാഫ് ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചത്.

ഏപ്രില്‍ 14നുള്ളില്‍ മുടങ്ങിയ ശമ്പളം മുഴുവന്‍ തീര്‍ത്തു നല്‍കണം എന്നാവശ്യപ്പെട്ട് ജെറ്റ് എയര്‍വേസ് പൈലറ്റുമാരുടെ ബോഡിയായ നാഷണല്‍ ഏവിയേറ്റേഴ്‌സ് ഗില്‍ഡ് പുതിയ മാനേജ്‌മെന്റിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Read More: ജെറ്റ് എയർവെയ്സിൽ പ്രതിസന്ധി തുടരുന്നു; ഇന്ധനം നൽകുന്നത് ഐഒസി നിർത്തിവച്ചു

വ്യാഴാഴ്ച നിരവധി സര്‍വ്വീസുകള്‍ ജെറ്റ് എയര്‍വേസ് നിര്‍ത്തിവച്ചിരുന്നു. വിദേശത്തേക്കുള്ള സര്‍വ്വീസുകള്‍, പ്രധാനമായും ആംസ്റ്റര്‍ഡാം, ലണ്ടന്‍, പാരിസ്, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലേക്കും ഗുവാഹത്തി, കൊല്‍ക്കത്ത, പുനെ, പാറ്റ്‌ന തുടങ്ങിയ ആഭ്യന്തര സര്‍വ്വീസുകളുമാണ് റദ്ദാക്കിയത്. ഏതാനും മാസം മുമ്പുവരെ 123 വിമാനങ്ങള്‍ സര്‍വീസ് നടത്തിയ സ്ഥാനത്ത് വ്യാഴാഴ്ച ജെറ്റ് എയര്‍വേസിന്റെ 14 വിമാനങ്ങളേ സര്‍വീസ് നടത്തിയുള്ളൂ.

‘ജെറ്റ് എയര്‍വേസിനെ രക്ഷിക്കുക, ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കുക,’ എന്ന വാചകങ്ങളോടെയുള്ള പ്ലക്കാര്‍ഡുകളുമായാണ് ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ചത്. ഉദ്യോഗസ്ഥരോട് ചര്‍ച്ച ചെയ്യാതെയും അവരുടെ ഭാവിയെ കുറിച്ച് ചിന്തിക്കാതെയുമാണ് മാനേജ്‌മെന്റ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ജെറ്റ് എയര്‍വേസിന്റെ ആസ്ഥാനമായ അന്ധേരിയില്‍ നിന്നാണ് പ്രതിഷേധം ആരംഭിച്ചത്.

Read More: എന്റെ പണം സ്വീകരിച്ച് ജെറ്റ് എയർവെയ്സിനെ രക്ഷിച്ചാലും: വിജയ് മല്യ

സാമ്പത്തിക പ്രതിസന്ധിയി മൂലം ജെറ്റ് എയര്‍വേസ് തിങ്കളാഴ്ച വരെയുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ നിറുത്തിവെച്ചിരുന്നു. സര്‍വീസുകള്‍ ഗണ്യമായി കുറഞ്ഞതോടെ അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താന്‍ ജെറ്റ് എയര്‍വേസിന് യോഗ്യതയുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചിരുന്നു. എയര്‍വേസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിച്ചു വരികയാണെന്നും അടിയന്തര നടപടികള്‍ ഉണ്ടാകുമെന്നും വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.

അതേസമയം, വിഷയം ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തരയോഗം വിളിച്ചു. വ്യോമയാന മന്ത്രാലയ ഡയറക്ടര്‍ ജനറല്‍, വ്യോമയാന മന്ത്രാലയ സെക്രട്ടറി എന്നിവരെയാണ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയുമായി യോഗത്തിന് വിളിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook