ന്യൂഡൽഹി: എയർലൈൻ കമ്പനിയായ ജെറ്റ് എയർവെയ്സിന് വീണ്ടും സർവീസ് ആരംഭിക്കുന്നതിനുള്ള എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എഒസി) അനുവദിച്ചു. വ്യോമയാന നിയന്ത്രണ സ്ഥാപനമായ ഡിജിസിഎ ആണ് സർട്ടിഫിക്കറ്റ് അനുവദിച്ചത്.
ജെറ്റ് എയർവേസിന് എഒസി അനുവദിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മേധാവി അരുൺ കുമാർ പിടിഐയോട് പറഞ്ഞു.
പഴയ ജെറ്റ് എയർവെയ്സ് നരേഷ് ഗോയലിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ ആയിരുന്നു. 2019 ഏപ്രിൽ 17-നാണ് ജെറ്റിന്റെ അവസാന വിമാനം സർവീസ് നടത്തിയത്. നിലവിൽ ജലാൻ-കാൽറോക്ക് കൺസോർഷ്യം ആണ് ജെറ്റ് എയർവേസിന്റെ പ്രൊമോട്ടർമാർ.
ജൂലൈ-സെപ്റ്റംബർ പാദത്തിൽ വാണിജ്യ വിമാന പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാണ് എയർലൈൻ ഉദ്ദേശിക്കുന്നത്.
അനുമതി ലഭിക്കുന്നതിനായി മെയ് 15, 17 തീയതികളിൽ ജെറ്റ് എയർവെയ്സ് അഞ്ച് വിമാനങ്ങൾ വിജയകരമായി പറത്തിയിരുന്നു. ഡിജിസിഎ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇത്.