scorecardresearch

മര്‍ദ്ദം നിയന്ത്രിച്ചില്ല, യാത്രക്കാരുടെ മൂക്കില്‍ നിന്നും ചോര; മുംബെയില്‍ വിമാനം തിരിച്ചിറക്കി

വിമാനത്തിനുള്ളിലെ മര്‍ദ്ദം കുറയുന്നത് വന്‍ അപകടത്തിന് കാരണമായേക്കാമെന്നും ഒഴിവായത് വലിയൊരു ദുരന്തമാണെന്നും വ്യോമയാന രംഗത്തെ വിദഗ്‌ധർ പറയുന്നു

മര്‍ദ്ദം നിയന്ത്രിച്ചില്ല, യാത്രക്കാരുടെ മൂക്കില്‍ നിന്നും ചോര; മുംബെയില്‍ വിമാനം തിരിച്ചിറക്കി

ന്യൂഡല്‍ഹി: വിമാനത്തിനുള്ളിലെ മര്‍ദ്ദം ക്രമീകരിക്കുന്നതിലെ പിഴവിനെ തുടര്‍ന്ന് യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്ത വന്നതോടെ വിമാനം തിരിച്ചിറക്കി. മുംബൈയില്‍ നിന്നും ജയ്പൂരിലേക്ക് 166 യാത്രക്കാരുമായി തിരിച്ച ജെറ്റ് എയര്‍വേഴ്‌സ് വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്.

വിമാനത്തിലെ 30ഓളം യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിനുള്ളിലെ മര്‍ദ്ദം ക്രമീകരിക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ വിമാനജീവനക്കാര്‍ മറന്നതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതെന്നാണ് വിവരം. അടിയന്തര ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓക്സിജന്‍ മാസ്‌കുകള്‍ പുറത്ത് വന്ന നിലയിലാണ്.

ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട എല്ലാ യാത്രക്കാര്‍ക്കും വിമാനത്താവളത്തില്‍ തന്നെ അടിയന്തര മെഡിക്കല്‍ സഹായം നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് വിമാനത്തിലെ രണ്ട് പൈലറ്റുമാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. വിമാനത്തിലെ മറ്റ് ജീവനക്കാരെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഡയറക്ടറേറ്റ് ഒഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ചില യാത്രക്കാര്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതായി പരാതിപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് മറ്റ് വൈദ്യസഹായം നല്‍കും. യാത്രക്കാര്‍ക്ക് വേണ്ടി പകരം സംവിധാനം ഏര്‍പ്പെടുത്തിയതായും വക്താവ് അറിയിച്ചു. അതേസമയം, വിമാനത്തിനുള്ളിലെ മര്‍ദ്ദം കുറയുന്നത് വന്‍ അപകടത്തിന് കാരണമായേക്കാമെന്നും ഒഴിവായത് വലിയൊരു ദുരന്തമാണെന്നും വ്യോമയാന രംഗത്തെ വിദഗ്‌ധര്‍ പറയുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Jet airways mumbai jaipur crew forget to maintain cabin pressure passengers suffer ear nose bleeding