അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കാൻ പദ്ധതിയിടുന്ന ജെറ്റ് എയർവേസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷാ അനുമതി നൽകിയതായി ഔദ്യോഗിക രേഖകൾ.
ജലാൻ-കൽറോക്ക് കൺസോർഷ്യമാണ് നിലവിൽ ജെറ്റ് എയർവേസിന്റെ പ്രൊമോട്ടർമാർ. നേരത്തെ ഉണ്ടായിരുന്ന ജെറ്റ് എയർവെയ്സ് നരേഷ് ഗോയലിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. 2019 ഏപ്രിൽ 17 നാണ് നേരത്തെയുള്ള ജെറ്റ് എയർവെയ്സിന്റെ അവസാന വിമാനം സർവീസ് നടത്തിയത്.
എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള ഒരു ഘട്ടത്തിന്റ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്ച, എയർലൈൻ ഹൈദരാബാദ് വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള പരീക്ഷണ പറക്കൽ നടത്തിയിരുന്നു.
മെയ് ആറിന് സിവിൽ ഏവിയേഷൻ മന്ത്രാലയം എയർലൈൻസിന് അയച്ച കത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറൻസ് അനുവദിച്ചതായി അറിയിച്ചു.
വ്യാഴാഴ്ചത്തെ പരീക്ഷണ പറക്കലിന് ശേഷം, എയർലൈൻ ശേഷി തെളിയിക്കുന്ന ഫ്ലൈറ്റുകൾ നടത്തേണ്ടതുണ്ട്. അതിനുശേഷം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് നൽകും.