ജെറ്റ് എയർവെയ്സ് ഫ്ലൈറ്റുകളുടെ സുരക്ഷ അപകടത്തിലെന്ന് എയർക്രാഫ്റ്റ് എഞ്ചിനിയർമാരുടെ സംഘടന. ഇതിന് പിന്നാലെ എയർലൈൻസിലെ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ അടിയന്തര യോഗം വിളിക്കാൻ വ്യോമയാന മന്ത്രി സുരേഷ് പ്രഭു നിർദ്ദേശം നൽകി. കഴിഞ്ഞ മൂന്ന് മാസങ്ങളായി എഞ്ചിനിയർമാർക്ക് ശമ്പളം നൽകുന്നില്ലായിരുന്നു. ഈ പശ്ചാതലത്തിലാണ് എഞ്ചിനിയർമാരുടെ സംഘടന സിവിൽ എവിയേഷൻ ഡയറക്ടറേറ്റ് ജനറലിന് കത്തെഴുതിയത്.
“മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കേണ്ടത് അത്യവശ്യമാണ്. ശമ്പളം ലഭിക്കാത്തത് എയർക്രാഫ്റ്റ് എഞ്ചിനിയർമാരെ മാനസികമായി ബാധിച്ചിട്ടുണ്ട്. ഇത് അവരുടെ ജോലി മേഖലയെയും ബാധിക്കും. ഇന്ത്യയിലും പുറത്തുമായി സർവീസ് നടത്തുന്ന എല്ലാ ജെറ്റ് എയർവെയ്സ് ഫ്ലൈറ്റഉകളുടെ സുരക്ഷയെയും ഇത് ബാധിക്കും.” എഞ്ചിനിയർമാരുടെ സംഘടന സിവിൽ എവിയേഷൻ ഡയറക്ടറേറ്റ് ജനറലിന് എഴുതിയ കത്തിൽ ഇങ്ങനെ പറയുന്നു.
നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൂടുതൽ സമയം വേണമെന്നാണ് ജെറ്റ് എയർവെയ്സ് ചെയർമാൻ നരേഷ് ഗോയൽ നേരത്തെ വ്യക്തമാക്കിയത്. എത്രയും പെട്ടന്ന് സാമ്പത്തിക സ്ഥിരത കൊണ്ടുവരാൻ സാധിക്കുമെന്നും ഗോയൽ കൂട്ടിച്ചേർത്തു. തൊഴിലാളികളുടെ ശമ്പളം കൊടുത്ത് തീർക്കുന്നതിന് തന്നെയാണ് മുഖ്യപ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
8200 കോടി രൂപയുടെ കടമാണ് എയർലൈൻസിനുള്ളത്. കഴിഞ്ഞ ജനുവരി മുതൽ തിരിച്ചടവ് മുടങ്ങികിടക്കുകയാണ്. മാസങ്ങളായി പൈലറ്റുമാർക്കും സപ്ലൈയർമാർക്കും ശമ്പളവും നൽകുന്നില്ല.