മുംബൈ: ജെറ്റ് എയർവേസിന്റെ കോക്പിറ്റിൽ പൈലറ്റുമാർ തമ്മിൽ പോരടിച്ചത് വിവാദമായി. വനിത സഹപൈലറ്റിനെ മർദ്ദിച്ചതിനെ തുടർന്ന് പൈലറ്റിന്റെ ലൈസൻസ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ റദ്ദാക്കി.

ലണ്ടനിൽ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനത്തിൽ തിങ്കളാഴ്ചയാണ് സംഭവം. പുലർച്ചെ 2.45 ന് ഇറാൻ-പാക്കിസ്ഥാൻ മേഖലയ്ക്ക് മുകളിലൂടെ വിമാനം പറന്നുകൊണ്ടിരിക്കെയാണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടിയത്. അടിയേറ്റതിനെ തുടർന്ന് വനിത പൈലറ്റ് കോക്പിറ്റിൽ നിന്ന് പുറത്ത് വന്നിരുന്നു. ഇവരെ സമാധാനിപ്പിക്കാൻ രണ്ടാമത്തെ പൈലറ്റും തിരികെ വന്നതോടെ കോക്പിറ്റിൽ ആളില്ലാതായി.

ഇത് വിമാന സുരക്ഷാ നയത്തിന്റെ വീഴ്ചയാണെന്നു കാട്ടിയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നടപടി എടുത്തത്. അതേസമയം കോക്‌പിറ്റിൽ ജീവനക്കാർ തമ്മിലുണ്ടായ ആശയകുഴപ്പം മാത്രമാണിതെന്ന് ജെറ്റ് എയർവേസ് പ്രതികരിച്ചു. ഇത് ഇരുവരും തമ്മിൽ പരിഹരിച്ചതായുംം യാത്രക്കാരെ സുരക്ഷിതരായി മുംബൈ വിമാനത്താവളത്തിൽ ഇറക്കിയതായും ജെറ്റ് എയർവേസ് പ്രതികരിച്ചു.

പത്ത് വർഷത്തിലേറെയായി ജെറ്റ് എയർവേസിൽ പ്രവർത്തിച്ചുവരുന്ന പൈലറ്റിനാണ് ലൈസൻസ് നഷ്ടമായത്. വനിത പൈലറ്റും ഇദ്ദേഹവും ദീർഘനാളായി ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്. തർക്കം നടക്കുമ്പോൾ വിമാനത്തിന് അകത്ത് 324 യാത്രക്കാർ ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ