മുംബൈ: നൂറ് കണക്കിന് യാത്രക്കാരെ വലച്ചുകൊണ്ട് അപ്രതീക്ഷിതമായി ജെറ്റ് എയര്‍വേയ്സ് വിമാനങ്ങള്‍ റദ്ദ് ചെയ്തു. മുംബൈ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന പത്ത് വിമാനങ്ങളാണ് ഞായറാഴ്ച ജെറ്റ് എയര്‍വേയ്സ് റദ്ദ് ചെയ്തത്. സാങ്കേതിക കാരണങ്ങള്‍ മൂലം സര്‍വ്വീസ് നടത്താനാവില്ലെന്നാണ് അധികൃതര്‍ നല്കിയ വിശദീകരണം.
വിവിധ സമയങ്ങളിലായി പുറപ്പെടേണ്ടിയിരുന്ന ആഭ്യന്തര വിമാനങ്ങളാണ് അധികൃതര്‍ റദ്ദാക്കിയത്. പൈലറ്റുമാരുടെ അപര്യാപ്തതയാണ് ഈ അപ്രതീക്ഷിത തിരിച്ചടിക്ക് കാരണമായതെന്നാണ് എയര്‍ലൈന്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.
‘സാങ്കേതിക തകരാറുകള്‍മൂലം നവംബര്‍ 18ലെ ചില ആഭ്യന്തര സര്‍വ്വീസുകള്‍ റദ്ദാക്കുകയാണ്. യാത്രക്കാരെ മുറപ്രകാരം അതാത് വിമാനങ്ങളുടെ വിവരങ്ങള്‍ അറിയിക്കുന്നതാണ്. റെഗുലേറ്ററി പോളിസി പ്രകാരം യാത്രക്കാരെ മറ്റ് വിമാനങ്ങളിലേക്ക് മാറ്റുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്യുന്നതാണ്,’ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് അധികൃതര്‍ പ്രസ്താവനയിറക്കി.
കൃത്യമായി ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ജെറ്റ് എയര്വേയ്സില് നിന്ന് പൈലറ്റുമാര്‍ കൂട്ടത്തോടെ രാജിവച്ചതായാണ് വിവരം. ഈ പ്രശ്നം ആരംഭിച്ചിട്ട് മാസങ്ങളായെന്നും പുതിയ പൈലറ്റുമാരെ ജോലിക്കെടുക്കാനുള്ള ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നുമാണ് വിവരം.