ന്യൂഡല്‍ഹി: ഹോങ്കോങിലേക്ക് നിയമവിരുദ്ധമായി പണം കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസ് പിടിയില്‍. ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാരിയാണ് 3.25 കോടി രൂപ വരുന്ന അമേരിക്കൻ ഡോളര്‍ കടത്താൻ ശ്രമിച്ചത്. ദേവശി കുൽശ്രേഷ്ഠ എന്ന 25 കാരിയെ ഇടനിലക്കാരനൊപ്പമാണ് പിടികൂടിയത്.

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഡൽഹിയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് വിമാനം പറന്നുയരാൻ തുടങ്ങുന്നതിന് തൊട്ട് മുൻപാണ് റവന്യു ഇന്റലിജൻസ് സംഘം പരിശോധന നടത്തിയത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന പെട്ടിയിൽ നിന്നാണ് പണം കണ്ടെത്തിയത്. ഷൂസുകൾക്കും സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്കും ഇടയിലായിട്ടാണ് പണം ഒളിപ്പിച്ചിരുന്നത്.

അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞാണ് പണം സൂക്ഷിച്ചിരുന്നത്. മുൻപ് എട്ട് തവണ പണം കടത്തിയതായി ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. പത്ത് ലക്ഷം ഡോളറാണ് ഇതുവരെ കടത്തിയത്. ഇതിന് പ്രതിഫലമായി ഒരു ലക്ഷം രൂപയാണ് ഇവർ ഓരോ തവണയും വാങ്ങിയിരുന്നത്.

ഹോങ്കോങ്ങിൽ നിന്ന് ഇന്ത്യയിലേക്ക് സ്വർണ്ണം കടത്തിയിരുന്ന അമിത് മൽഹോത്രയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റവന്യു ഇന്റലിജൻസ് പരിശോധിച്ചതാണ് എയർ ഹോസ്റ്റസിനെ കുടുക്കിയത്. അമിതിന്റെ വീട്ടിൽ നടത്തിയ തിരച്ചിലിൽ മൂന്ന് ലക്ഷം രൂപയും 1600 ഡോളറും കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ദേവശി വിമാനത്തിൽ പണം കടത്തുന്നുവെന്ന വിവരം ലഭിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ