ലണ്ടൻ: നേർവ് ഏജന്റ് ആക്രമണത്തിന് പിന്നിൽ റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ബ്രിട്ടൻ പുറത്താക്കിയ 23 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥർ രാജ്യം വിട്ടു. ഇവരുടെ കുടുംബാംഗങ്ങളടക്കം 80 പേരടങ്ങുന്ന സംഘത്തെ കനത്ത സുരക്ഷ കാവലിലാണ് വിമാനത്താവളത്തിലേക്ക് മാറ്റിയിരുന്നത്.

എന്നാൽ റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയെടുത്ത ഭരണകൂടത്തിനെതിരെ ബ്രിട്ടനിലെ പ്രമുഖ ഇടത് നേതാവ് ജെറമി കോർബിൻ രംഗത്തെത്തി. “ബ്രിട്ടന് റഷ്യയോടും പുടിൻ ഭരണകൂടത്തോടും അന്ധമായ വിരോധമാണ്” എന്നാണ് കോർബിൻ വിമർശിച്ചത്. “റഷ്യയെ സംശയത്തിന്റെ മുനയിൽ നിർത്തുകയല്ല, അവർക്ക് അതിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ച് കണ്ടെത്തുകയാണ് വേണ്ടത്,” അദ്ദേഹം പറഞ്ഞു.

റഷ്യൻ ചാരനായിരുന്ന സെർജി സ്ക്രിപാലിനും മകൾ യൂലിയക്കും വിഷബാധയേറ്റ സംഭവത്തിലാണ് റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ തെരേസ മേ ഭരണകൂടം പ്രതിസ്ഥാനത്ത് നിർത്തിയത്. റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ബ്രിട്ടൻ പുറത്താക്കിയതിന് പിന്നാലെ ബ്രിട്ടന്റെ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി റഷ്യയും തിരിച്ചടിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ