ഷിംല: ബോളിവുഡ് നടൻ ജീതേന്ദ്ര പീഡിപ്പിച്ചതായി പരാതി. ജീതേന്ദ്രയുടെ ബന്ധുവായ സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷിംല പൊലീസ് നടനെതിരെ കേസെടുത്തു. 47 വർഷങ്ങൾക്കു മുൻപ് ജീതേന്ദ്ര തന്നെ പീഡിപ്പിച്ചുവെന്നാണ് ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നത്.

1971 ൽ ജനുവരിയിലായിരുന്നു സംഭവം. എനിക്ക് അന്ന് 18 വയസ്സായിരുന്നു. ജീതേന്ദ്രയ്ക്ക് 28 വയസ്സും. എന്റെ ആന്റിയുടെ മകനാണ് ജീതേന്ദ്ര. സംഭവം നടക്കുന്ന സമയം ജീതേന്ദ്ര ഷിംലയിൽ ഷൂട്ടിങ്ങിലായിരുന്നു. ന്യൂഡൽഹിയിൽനിന്നും ഷിംലയിലെത്തിയ എന്നെ വിളിക്കാൻ ജീതേന്ദ്രയാണ് വന്നത്. രാത്രിയിൽ എന്റെ മുറിയിലേക്ക് ജീതേന്ദ്ര വരികയും ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. കേസ് അന്വേഷണം നടക്കുകയാണെന്ന് സൂപ്രണ്ട് ഓഫ് പൊലീസ് ഓംപതി ജംവാൽ പറഞ്ഞു. ഇ-മെയിൽ മുഖേനയാണ് പരാതി ലഭിച്ചതെന്നും സ്ത്രീയുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

മൊഴി നൽകാൻ ആവശ്യപ്പെട്ട് ജീതേന്ദ്രയ്ക്ക് സമൻസ് അയച്ചിട്ടുണ്ട്. അതേസമയം, പരാതിയിൽ പറയുന്നതുപോലെ ഒരു സംഭവവും നടന്നിട്ടില്ലെന്ന് ജീതേന്ദ്ര പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ