ലഖ്‌നൗ: ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപിയുടെ ലോക്‌സഭാംഗം, ജില്ല മജിസ്ട്രേറ്റിന് നേരെ പൊതുജനമധ്യത്തിൽ കൊലവിളി നടത്തി. ബാരാബങ്കിയിൽ നിന്നുള്ള ലോക്സഭാംഗം പ്രിയങ്ക സിംഗ് റാവത്താണ് സബ് ജുഡീഷ്യൽ മജിസ്ട്രേറ്റായ തഹസിൽദാർ അജയ് ദ്വിവേദിയ്ക്ക് നേരെ കൊലവിളി നടത്തിയത്.

ബാ​രാ​ബ​ങ്കി​ ജില്ലയിലെ ചൊയ്‌​ല ഗ്രാ​മ​ത്തി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യതായിരുന്നു അജയ് ദ്വിവേദി. “ജീവിതം പ്രയാസകരമാകും” എന്നാണ് അജയ് ദ്വിവേദിയുടെ നടപടി തടസപ്പെടുത്തി ബിജെപി എംപി പൊതുമധ്യത്തിൽ വിളിച്ച് പറഞ്ഞത്.

“ജനപ്രതിനിധി മുന്നിലെത്തുമ്പോൾ പ്രോട്ടോക്കോൾ ഓർമ്മയുണ്ടാകണം. പ്രവർത്തകരിൽ ആർക്കെങ്കിലും പ്രയാസമുണ്ടായാൽ നിങ്ങളുടെ ജീവിതം പ്രയാസകരമാകും”, പ്രിയങ്ക സിംഗ് ദ്വിവേദി പറഞ്ഞു. ചൊയ്ലയിലെ സർക്കാർ സ്കൂളും പൊതുകുളവും കൈയ്യേറിയ ബിജെപിയുടെ പ്രാദേശിക നേതാവിന് എതിരെയായിരുന്നു തഹസിൽദാരുടെ നടപടി.

പൊലീസുകാരെ കൂടി കൂട്ടിയാണ് അജയ് ദ്വിവേദി കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയത്. എന്നാൽ ബിജെപി പ്രവർത്തകരെത്തി സംഘത്തെ തടഞ്ഞു. ഇവിടേക്ക് എത്തിയ പ്രിയങ്ക സിംഗ് റാവത്ത്, ഒഴിപ്പിക്കാനെത്തിയ സംഘത്തോട് മടങ്ങി പോകാൻ ആവശ്യപ്പെട്ടെങ്കിലും അജയ് ഇതിന് സമ്മതിച്ചില്ല. ഇതേ തുടർന്നാണ് പൊതുമധ്യത്തിൽ കൊലവിളി നടത്തിയത്. ഇതിന്റെ വീഡിയോ ഇപ്പോൾ നവമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ