ന്യൂഡൽഹി: അധിക മാർക്ക് നൽകിയതുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് ഐഐടികളിലേക്കുള്ള പ്രവേശനത്തിന് ഏർപ്പെടുത്തിയ സ്റ്റേ സുപ്രീം കോടതി പിൻവലിച്ചു. ഇതോടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിലേക്കുള്ള പ്രവേശനവും കൗൺസിലിംഗും നാളെ മുതൽ പുനരാരംഭിക്കും.

ഐഐടിയിലെ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയിൽ ഏഴ് ചോദ്യങ്ങൾക്കാണ് വിദ്യാർത്ഥികൾക്ക് അധിക മാർക്ക് നൽകിയത്. ഹിന്ദി ചോദ്യപേപ്പറിൽ ആയിരുന്നു തെറ്റ്. അച്ചടിപ്പിശകിനെ തുടർന്നായിരുന്നു അധികമാർക്ക് നൽകാൻ തീരുമാനിച്ചത്. ഇതോടെ ഏഴ് ചോദ്യങ്ങൾക്കും തെറ്റായ ഉത്തരം രേഖപ്പെടുത്തിയവർക്കും ശരിയുത്തരം രേഖപ്പെടുത്തിയവർക്കും ഉത്തരമെഴുതാതെ വിട്ടവർക്കും മാർക്ക് ലഭിച്ചു.

ഇതിനോടകം പ്രവേശനം നേടിയ 33,000 കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിഷമാണിതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാൽ പ്രവേശന നടപടി വൈകുന്നത് കൂടുതൽ പ്രയാസം സൃഷ്ടിക്കുമെന്ന് ഇന്നത്തെ വാദത്തിലൂടെ വ്യക്തമായി. വീണ്ടും പരീക്ഷയെഴുതേണ്ട സാഹചര്യം ഉണ്ടാകുമെന്നും ഇത് ഒഴിവാക്കണമെന്നുമുള്ള വാദം അംഗീകരിക്കപ്പെട്ടതോടെ ഹർജിക്കാരന്റെ ആവശ്യം കോടതി തള്ളി.

ആദ്യം ബോണസ് മാര്‍ക്ക് നല്‍കിയത് നിയമവിധേയമായിട്ടാണോയെന്ന് പരിശോധിച്ച ശേഷം പ്രവേശനം നടത്തിയാൽ മതിയെന്ന മുൻ നിലപാടിൽ നിന്ന് കോടതി പിൻവാങ്ങി.

ഉത്തരമെഴുതാന്‍ ശ്രമിച്ചോ എന്ന് പോലും പരിശോധിക്കാതെയാണ് എല്ലാ പരീക്ഷാർത്ഥികൾക്കും മാർക്ക് ദാനം ചെയ്തതെന്നായിരുന്നു ഹർജിക്കാരനായ വിദ്യാർത്ഥിയുടെ ആരോപണം. ഇത്തരത്തിൽ മാർക്ക് നൽകുന്നത് അനുചിതമാണെന്ന ഹർജിക്കാരന്റെ വാദം പരിഗണിച്ചാണ് വെള്ളിയാഴ്ച കോടതി കേസ് ഫയലിൽ സ്വീകരിച്ചത്. ഇന്ന് വിശദമായ വാദം കേട്ട ശേഷമാണ് അഡ്മിഷനുമായി മുന്നോട്ട് പോകാൻ കോടതി അനുമതി നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ