/indian-express-malayalam/media/media_files/uploads/2020/02/nitish-kumar-iemalayalam.jpg)
പട്ന: ബിഹാർ തിരഞ്ഞെടുപ്പിലെ വിജയത്തോടെ സർക്കാർ രൂപീകരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് എൻഡിഎ. അടുത്ത ബീഹാർ മുഖ്യമന്ത്രിയെന്ന നിലയിൽ നിതീഷ് കുമാറിനെ തിരഞ്ഞെടുക്കുന്നതായി ബിജെപി നേതാക്കൾ വ്യക്തമാക്കി. എന്നാൽ തിരഞ്ഞെടുപ്പിൽ ജെഡിയുവിന്റെ പ്രകടനം കുത്തനെ താഴോട്ടു പോയ പശ്ചാത്തലത്തിൽ താൻ മുഖ്യമന്ത്രിയാകാനില്ലെന്ന് നിതീഷ് അറിയിച്ചതായി അദ്ദേഹവുമായി അടുത്തവൃത്തങ്ങൾ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രിയായി തുടരാൻ മുതിർന്ന ബിജെപി നേതാക്കൾ അദ്ദേഹത്തെ നിർബന്ധിക്കുന്നുണ്ടെന്നും സർക്കാരിനെ നയിക്കുന്നതിൽ അദ്ദേഹത്തിന് മുമ്പത്തെപ്പോലെ പൂർണ സ്വാതന്ത്ര്യം ഉണ്ടെന്ന് ഉറപ്പ് നൽകുകയും ചെയ്തതായും വൃത്തങ്ങൾ വ്യക്തമാക്കി.
“ജനങ്ങൾ പരമപ്രധാനമാണ്,” നിതീഷ് കുമാർ ബുധനാഴ്ച വൈകുന്നേരം ട്വീറ്റ് ചെയ്തു. "എൻഡിഎയ്ക്ക് ഭൂരിപക്ഷം നൽകിയതിന് ഞാൻ ജനങ്ങളോട് നന്ദിയുള്ളവനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരന്തര പിന്തുണയ്ക്ക് ഞാൻ നന്ദി പറയുന്നു."
Read More: ബിഹാറിലെ എൻഡിഎയുടെ വിജയത്തിന് കാരണം നരേന്ദ്ര മോദി: ചിരാഗ് പാസ്വാൻ
ചിരാഗ് പാസ്വനും എൽജെപിയും ജെഡിയുവിനെ വേദനിപ്പിച്ച രീതിയിൽ നിതീഷിന് വലിയ അസ്വസ്ഥതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഒരു മുതിർന്ന ബിജെപി നേതാവ് പറഞ്ഞു: “25-30 സീറ്റുകളിലെങ്കിലും ജെഡിയുവിന്റെ അവസരങ്ങൾ ചിരാഗ് നശിപ്പിച്ചതിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. സഖ്യത്തിൽ ബിജെപി ഇപ്പോൾ മുതിർന്ന പങ്കാളിയാണെങ്കിലും മുഖ്യമന്ത്രിയായി തുടരാൻ ഞങ്ങൾ അദ്ദേഹത്തെ പ്രേരിപ്പിച്ചു.”
243 അംഗ സഭയിൽ എൻഡിഎയ്ക്ക് 125 സീറ്റും ബിജെപിക്ക് 74 ഉം ജെഡിയു 43 ഉം സഖ്യകക്ഷികളായ വിഐപി, എച്ച്‌എം (എസ്) എന്നിവയ്ക്ക് നാല് സീറ്റ് വീതവും ലഭിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ചിരാഗ് പാസ്വാനുമായി ബിജെപി ഫലപ്രദമായി ഇടപെട്ടിട്ടില്ലെന്ന് ജെഡി (യു) നേതാവ് പറഞ്ഞു. ബിജെപിയും ജെഡിയു പ്രവർത്തകരും തമ്മിലുള്ള ഏകോപനത്തിലും വിടവുകളുണ്ടെന്ന് നേതാവ് പറഞ്ഞു.
നിരവധി ജെഡിയു മന്ത്രിമാരുടെയും സിറ്റിംഗ് എംഎൽഎമാരുടെയും പരാജയത്തിലേക്ക് ഇത് വഴിവച്ചു കാണുമെന്ന് അദ്ദേഹം പറഞ്ഞു. ജെഡിയു മന്ത്രിമാരായ ജയ് കുമാർ സിങ്ങിന്റെ (ദിനാര) പരാജയത്തിന് എൽജെപി ഘടകം ഉത്തരവാദിയാണെന്ന് നേതാക്കൾ പറഞ്ഞു. ശൈലേഷ് കുമാർ (ജമാൽപൂർ); കൃഷ്ണന്ദൻ വർമ്മ (ജെഹാനാബാദ്); രാംസേവക് സിംഗ് (ഹത്വ); സന്തോഷ് നിരാല (രാജ്പൂർ), ഖുർഷീദ് ആലം (സിക്ത) എന്നിവരുടെ പരാജയത്തിനും ഇത് കാരണമായി.
2005 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് ഇത്തവണ ജെഡിയുവിന്റെത്. 71 സീറ്റുകളിൽ നിന്നാണ് കുത്തനെ 43 ആയി ചുരുങ്ങിയത്.
ചൊവ്വാഴ്ച വൈകിട്ട് ബീഹാർ ബിജെപി ചുമതലയുള്ള ഭൂപേന്ദർ യാദവ്, ബിഹാർ ബിജെപി പ്രസിഡന്റ് ഡോ.ജയ്സ്വാൾ, ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവർ നിതീഷ് കുമാറിനെ കണ്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.