ന്യൂഡല്‍ഹി : നിതീഷ് കുമാറിന്‍റെ എന്‍ഡിഎ പ്രവേശനം അടുത്ത മന്ത്രിസഭാവികസനത്തില്‍ ജനതാദള്‍ യുണൈറ്റഡിനു നരേന്ദ്ര മോദി മന്ത്രിസഭയിലേക്കും വഴിയൊരുങ്ങുന്നതായി സൂചനകള്‍. ഓഗസ്റ്റ് അഞ്ചിനു നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വെങ്കയ്യ നായിഡു തിരഞ്ഞെടുക്കപ്പെടുന്ന സാഹചര്യത്തിലാകും മന്ത്രിസഭാവികസനം സംജാതമാവുക. അങ്ങനെ വരികയാണ് എങ്കില്‍ വെങ്കയ്യ നായിഡു ചുമതല വഹിക്കുന്ന നഗര വികസനം, വിവരസാങ്കേതികവിദ്യ എന്നീ മന്ത്രാലയങ്ങളാവും നാഥനില്ലാതാവുക.

ധനമന്ത്രി അരുണ്‍ ജെയിറ്റ്ലി, ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ എന്നിവര്‍ പ്രതിരോധം, പരിസ്ഥിതി എന്നീ വകുപ്പുകളുടെ അധികചുമതല വഹിക്കുന്നുണ്ട്. പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ ഗോവയുടെ മുഖ്യമന്ത്രിയായി ചുമതലയെടുത്തതിനും അനില്‍ ദേവ് മരണപ്പെട്ടതിനും പിന്നാലെയാണ് ഈ രണ്ടുവകുപ്പുകളുടെ അധികചുമതല അരുണ്‍ ജെയിറ്റ്ലിയുടേയും ഹര്‍ഷ് വര്‍ദ്ധന്‍റെയും തലയില്‍ വന്നുവീഴ്ന്നത്.

ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായെ രാജ്യസഭയിലേക്ക് അയക്കാന്‍ ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് തീരുമാനിച്ചത്തിനു പിന്നാലെ. അമിത് ഷാ മന്ത്രിയാകും എന്ന അഭ്യൂഹങ്ങളും പടര്‍ന്നിരുന്നു. എന്നാല്‍, അമിത് ഷാ കേന്ദ്രമന്ത്രിസഭയില്‍ അംഗമാവുന്ന പക്ഷം 2019ല്‍ നടക്കുന്ന തിരഞ്ഞെടുപ്പിനായി ബിജെപിയെ സജ്ജമാക്കാന്‍ ആളില്ലാതെ വരുമെന്നും. അമിത് ഷാ പാര്‍ട്ടി പ്രസിഡന്റ് ആയി തുടരുന്നതാണ് നല്ലത് എന്നും അഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായതിനു പിന്നാലെ ബിജെപി അത്തരത്തിലുള്ള ചര്‍ച്ചയെ മുളയിലേ നുള്ളുകയായിരുന്നു.

നിതീഷ് കുമാര്‍ താത്പരന്‍ ആണ് എങ്കില്‍ ജനതാദളിനു എന്‍ഡിഎ സര്‍ക്കാരിന്‍റെ ഭാഗമാവാം എന്നാണു ബിജെപി നേതാക്കള്‍ അറിയിക്കുന്നത്. ” ഈയൊരു കാര്യത്തെക്കുറിച്ച് ഞങ്ങള്‍ ഇതുവരെ ചര്‍ച്ചചെയ്തിട്ടില്ല. നിതീഷിനു താത്പര്യം ഉണ്ട് എങ്കില്‍ ജെഡിയു എംപിമാരെ സര്‍ക്കാരിന്‍റെ ഭാഗമാക്കാവുന്നതേയുള്ളൂ.” ഒരു മുതിര്‍ന്ന ബിജെപി നേതാവ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. രണ്ടുതവണയായി, നവംബര്‍2014നും ജൂലൈ 2015നും മോദി സര്‍ക്കാര്‍ മന്ത്രിസഭയില്‍ അഴിച്ചുപണികള്‍ നടത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ