പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ പട്ടികയെയും എതിർത്ത് രംഗത്തെത്തിയ പ്രശാന്ത്​ കിഷോറിനെയും പവൻ വർമയെയും പുറത്താക്കി ജെഡിയു നേതൃത്വം. പാർട്ടിയുടെ ദേശീയ വൈസ്​ പ്രസിഡൻറ്​ ആയിരുന്നു പ്രശാന്ത്​ കിഷോർ. പവൻ കുമാർ വർമ ജനറൽ സെക്രട്ടറിയുമായിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ചാണ് ഇരുവർക്കുമെതിരെ ജെഡിയു നടപടി സ്വീകരിച്ചിരിക്കുന്നത്.

ബി‌ഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പാർട്ടിയിലെ മുതിർന്ന നേതാവുമായ പ്രശാന്ത്​ കിഷോറും തമ്മിലുള്ള വിള്ളൽ നേരത്തെ മറനീക്കി പുറത്ത് വന്നിരുന്നു. പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ പട്ടികയെയും അനുകൂലിച്ചുള്ള നിലപാടാണ് നിതീഷ് കുമാർ സ്വീകരിച്ചത്. ഇതിനെ ശക്തമായി എതിർത്തയാളാണ് പ്രശാന്ത്​ കിഷോർ. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ജെഡിയു അദ്ധ്യക്ഷൻ നിതീഷ് കുമാര്‍ എന്നിവര്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് പ്രശാന്ത് കിഷോര്‍ ഉന്നയിച്ചത്.

Also Read: അനുരാഗിനെയും പർവേഷിനെയും താരപ്രചാരകരാക്കേണ്ട, ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം

വിഷയത്തിൽ പരസ്യ പ്രതികരണം നടത്തുകയും പ്രതിഷേധിക്കുകയും ചെയ്ത നേതാക്കളുടെ നടപടി പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിൽ താൽപര്യമില്ലെങ്കിൽ ഇരുവർക്കും പാർട്ടി വിടാമെന്ന്​ കഴിഞ്ഞ ദിവസം നിതീഷ്​ കുമാർ പറഞ്ഞു. പിന്നാലെയാണ് ഒടുവിൽ ഇരുവരെയും പാർട്ടിയിൽ നിന്നും പുറത്താക്കികൊണ്ടുള്ള തീരുമാനം.

Also Read: ഇന്‍ഡിഗോയ്ക്കും എയര്‍ ഇന്ത്യയ്ക്കും പിന്നാലെ കുനാല്‍ കംറയ്ക്കു വിലക്കുമായി സ്‌പൈസ് ജെറ്റും

അതേസമയം ‘വളരെ നന്ദി നിതീഷ്​ കുമാർ. ബിഹാറി​​െൻറ മുഖ്യമന്ത്രി കസേര നിലനിർത്തുന്നതിന്​ താങ്കൾക്ക്​ എല്ലാവിധ ആശംസകളും. ദൈവം നിങ്ങളെ അനുഗ്രഹിക്ക​ട്ടെ’ എന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രതികരണം. പ്രശാന്തിന് ജെഡിയുവില്‍ അംഗത്വം നല്‍കിയത് അമിത് ഷാ പറഞ്ഞിട്ടാണെന്നായിരുന്നു നിതീഷ് കുമാര്‍ പറഞ്ഞത്. ഇങ്ങനെ സത്യം വിളിച്ചുപറഞ്ഞാല്‍ ആരാണ് നിങ്ങള്‍ക്ക് അമിത് ഷായെപ്പോലെ ഒരാള്‍ നിര്‍ദ്ദേശിക്കുന്ന ആളെ കേള്‍ക്കാതിരിക്കാനുള്ള ധൈര്യമുണ്ടെന്ന് വിശ്വസിക്കുകയെന്നും പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook