/indian-express-malayalam/media/media_files/uploads/2018/05/kumaraswamy-1.jpg)
ബെംഗളൂരു: കർണാടകത്തിൽ അധികാരത്തിലേറിയ കോൺഗ്രസ് - ജെഡിഎസ് സർക്കാരിൽ ചില തർക്കങ്ങൾ ഉണ്ടെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. എന്നാൽ ഈ തർക്കം സഖ്യകക്ഷി ഭരണത്തിന് യാതൊരു കേടുപാടും വരുത്തില്ലെന്നും വേഗത്തിൽ ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"ഒരു വിഷയവും അഭിമാന പ്രശ്നമായി കാണുന്നില്ല. എല്ലാ പ്രശ്നവും പരിഹരിക്കാൻ മാത്രമാണ് ശ്രമിക്കുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ, ആത്മാഭിമാനം പണയം വച്ച് മുഖ്യമന്ത്രിയായി തുടരില്ല," അദ്ദേഹം എഎൻഐയോട് പറഞ്ഞു.
ഇരു പാർട്ടികളും ഇപ്പോൾ മന്ത്രിമാരെ നിശ്ചയിക്കുന്ന കാര്യത്തിലും വകുപ്പ് വിഭജനത്തിലും ആണ് കേന്ദ്രീകരിച്ചിരിക്കുന്നത്. സംസ്ഥാന കോൺഗ്രസ് നേതാക്കൾ ഈ വിഷയത്തിൽ രാഹുൽ ഗാന്ധിയെ കാണാൻ ഡൽഹിക്ക് പോയെങ്കിലും താൻ രാഹുലിനെയോ സോണിയെയോ ഈ വിഷയത്തിൽ കാണില്ലെന്ന് കുമാരസ്വാമി പറഞ്ഞു.
സംസ്ഥാന കോൺഗ്രസ് നേതാക്കൾ മടങ്ങിയെത്തിയാലുടൻ മന്ത്രിസഭ വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിൽ കോൺഗ്രസിന് 22 മന്ത്രിമാരും ജെഡിഎസിന് 12 മന്ത്രിമാരും എന്നാണ് നിശ്ചയിച്ചത്. കോൺഗ്രസിന് ഉപമുഖ്യമന്ത്രി പദവും സ്‌പീക്കർ സ്ഥാനവും ലഭിച്ചിട്ടുണ്ട്.
അതേസമയം, കർഷക വായ്‌പ ഇളവ് തീരുമാനം വൈകുന്നതിനെതിരെ സംസ്ഥാനത്ത് ബന്ദ് ആഹ്വാനം ചെയ്യപ്പെട്ടിട്ടുണ്ട്. സർക്കാർ വിപുലീകരണം വൈകുന്നതിന് മേലെ ഇതും മുഖ്യമന്ത്രി കുമാരസ്വാമിയെ വലയ്ക്കുന്നുണ്ട്.
തീരുമാനം നടപ്പിലാക്കിയില്ലെങ്കിൽ സംസ്ഥാനത്ത് മെയ് 28 ന് ബന്ദ് നടത്തുമെന്നാണ് ബിജെപി പറഞ്ഞിരിക്കുന്നത്. ഒരാഴ്‌ചയ്ക്കുളളിൽ ഇക്കാര്യത്തിൽ തീരുമാനം ആകണമെന്നാണ് മുന്നറിയിപ്പ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.