ന്യൂഡൽഹി: പ്രഥമ ജെസിബി സാഹിത്യ പുരസ്കാര ദീർഘ പട്ടികയിൽ​ രണ്ട് മലയാളി സാഹിത്യകാരന്മാർ. മലയാളികളായ ബെന്യാമിനും ഇംഗ്ലീഷ് നോവലെഴുതിയ മലയാളിയായ ജീത് തയ്യിലുമാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. പത്ത് പേരുള്ള പട്ടികയിലാണ് ഇരുവരും ഇടം പിടിച്ചത്.

ഹിന്ദുത്വവാദികളുടെ ഭീഷണിയെ തുടർന്ന് ഇടക്കാലത്ത് എഴുത്ത് നിർത്തിയ തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുഗനും ഈ​ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ബെന്യാമിന്റെ മുല്ലപ്പൂ നിറമുളള പകലുകൾ എന്ന നോവലിന്റെ വിവർത്തനമായ ജാസ്മിൻ ഡെയ്സും പെരുമാൾ മുരുഗന്റെ പൂനാച്ചിയും ജീത് തയ്യിലിന്റെ ദ് ബുക്ക് ഓഫ് ചോക്ലേറ്റ്​ സെയിന്റ്സും ആണ് പട്ടികയിൽ ഇടം നേടിയ കൃതികൾ.​ യുഎസ്സിൽ ജീവിക്കുന്ന കവി കൂടിയായ ഷഹനാസ് ഹബീബാണ് ബെന്യാമിന്റെ മുല്ലപ്പൂ നിറമുളള പകലുകൾ ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം നടത്തിയിട്ടുളളത്.

ഇന്ത്യയിലെ ഏറ്റവും വലിയ തുക സമ്മാനമായ സാഹിത്യ പുരസ്കാരങ്ങളിലൊന്നാണ് ജെസിബി സാഹിത്യ പുരസ്കാരം. സമകാലിക ഇന്ത്യനെഴുത്തുകാർക്കാണ് അവാർഡ് നൽകുന്നത്. 25 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുന്നയാളിന് നൽകുക. ഓരോ ലക്ഷം രൂപ വീതം ചുരുക്കപ്പട്ടികയിലെത്തുന്ന അഞ്ച് കൃതികൾക്ക് നൽകും. പ്രാദേശിക ഭാഷയിൽ നിന്നുളള പരിഭാഷയ്ക്കാണ് അവാർഡ് ലഭിക്കുന്നതെങ്കിൽ മൊഴിമാറ്റം നടത്തിയയാളിന് അഞ്ച് ലക്ഷം രൂപ സമ്മാനം ലഭിക്കും.

അസമീസ്, തമിഴ്, കന്നട, മലയാളം, ഒറിയ, ഹിന്ദി, തെലുങ്ക് എന്നിങ്ങനെ ഏഴ് ഭാഷകളിലെ കൃതികളാണ് ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം നടത്തി എത്തിയവയിൽ ഉൾപ്പെട്ടിരുന്നത്. ചലച്ചിത്ര സംവിധായികയായ ദീപ മേത്ത അധ്യക്ഷയും റോഹൻ മൂർത്തി, പ്രിയംവദ നടരാജൻ, ആർഷിയാ സറ്റർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് ഈ പത്തംഗ പട്ടിക തിരഞ്ഞെടുത്തത്.

ബെന്യാമിൻ, ജീത് തയ്യിൽ, പെരുമാൾ മുരുഗൻ എന്നിവർക്ക് പുറമെ, അമിതാബ് ബാഗ്ചി, ചന്ദ്രഹാസ് ചൗധരി, കിരൺ നഗർക്കാർ, അനുരാധറോയ്, നയനതാര സഹ്ഗാൾ, സുഭാംഗി സ്വരൂപ്, ദേവി യശോദരൻ എന്നിവരുടെ രചനകളും ഈ പട്ടികയിലുണ്ട്. ഇതിലെ സ്ത്രീയെഴുത്തുകാരായ സുഭാംഗി സ്വൂരുപും ദേവി യശോദരനും ആദ്യ രചനകളുമായി പട്ടികയിൽ ഇടം പിടിച്ചവരാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook