ചെന്നെ: രാഷ്ട്രീയപ്രവേശനം ഉറപ്പിച്ച് അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാർ. അണ്ണാ ഡിഎംകെ പ്രവർത്തകരുടെ ആവശ്യപ്രകാരമാണു തീരുമാനമെന്നും മറ്റു കാര്യങ്ങൾ ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 നു പ്രഖ്യാപിക്കുമെന്നും ദീപ മാധ്യമങ്ങളോടു പറഞ്ഞു.

ഒന്നുകിൽ എഐഎഡിഎംകെയിൽ ചേരുക, അല്ലെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കുക. ഈ രണ്ടു കാര്യങ്ങളാണു തന്റെ മുന്നിലുള്ളത്. എഐഎഡിഎംകെ പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ട്. അവരുമായി ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കുമെന്നും അവർ പറഞ്ഞു. ജയലളിതയുടെ സ്ഥാനത്ത് മറ്റൊരാളെയും അംഗീകരിക്കാൻ തനിക്കാകില്ലെന്നും എഐഎഡിഎംകെയുടെ പുതിയ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ശശികലയുടെ പേരു പരാമർശിക്കാതെ ദീപ പറഞ്ഞു.

തന്നെ അപകീർത്തിപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തോടെ നിരവധി അപവാദപ്രചരണങ്ങൾ നടക്കുന്നുണ്ട്. ജനങ്ങൾ സത്യമെന്താണെന്നു അറിയുന്നില്ല. ജയലളിതയുടെ സ്വത്തുക്കളിൽ അവകാശവാദം ഉന്നയിക്കില്ലെന്നും ദീപ വ്യക്തമാക്കി.

ജയലളിതയ്ക്കൊപ്പം ദീപയുടെ ചിത്രം ചേർത്തുള്ള പോസ്‌റ്ററുകൾ നേരത്തെതന്നെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ദീപയുടെ പേരിൽ ചെറു സംഘടനകൾ ഇതിനകം സംസ്ഥാനത്തു പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ