നീലഗരി: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വേനൽകാലത്ത് താമസിച്ചിരുന്ന കോടനാട് എസ്റ്റേറ്റിൽ നിന്ന് നിർണ്ണായക രേഖകൾ നഷ്ടമായി എന്ന് റിപ്പോർട്ടുകൾ. ജയലളിതയുടെ പേരിലുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ സംബന്ധിച്ച രേഖകൾ മോഷ്ടാക്കൾ തട്ടിയെടുത്തതായാണ് റിപ്പോർട്ട്. മോഷണം നടത്തിയ 11 പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നു എന്നാണ് സൂചന. എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്ന കനകരാജാണ് മോഷണക്കേസിലെ ഒന്നാം പ്രതി. സംഭവത്തിൽ 4 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
വേനൽക്കാലത്ത് ജയലളിത താമസിച്ചിരുന്നത് കോടനാട് എസ്റ്റേറ്റിലായിരുന്നു. ഭരണം നിയന്ത്രിച്ചതും ഇവിടെ നിന്നു തന്നെ . ജയലളിതയ്ക്കൊപ്പം ശശികലയും ഒപ്പം ഉണ്ടായിരുന്നു. എന്നാൽ ഈ എസ്റ്റേറ്റ് ജയലളിതയുടെ പേരിലായിരുന്നില്ല. 800 ഏക്കറോളം വരുന്ന കോടനാട് എസ്റ്റേറ്റിനെ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. എസ്റ്റേറ്റിലെ ബംഗ്ലാവിൽ നിന്ന് 3 വലിയ സ്യൂട്ട്കെയിസുകൾ നഷ്ടമായതായും റിപ്പോർട്ടുകൾ ഉണ്ട്. ജയലളിതയുടെ സ്വത്തുക്കൾ സംബന്ധിച്ച രേഖകൾ ആകാം ഇത് എന്നാണ് റിപ്പോർട്ടുകൾ.
ശശികലയും , ദിനകരനും ജയിലിലായ സാഹചര്യത്തിൽ മന്നാർഗുഡി മാഫിയ ആണോ ഇതിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.