ചെന്നൈ: വാഷ്റൂമിൽ കുഴഞ്ഞുവീണ ജയലളിത ആശുപത്രിയിൽ പോകാൻ വിസമ്മതിച്ചുവെന്ന് വി.കെ.ശശികല. 2016 സെപ്റ്റംബർ 22ന് ചെന്നൈയിലെ പോയസ് ഗാർഡൻ വസതിയിലെ വാഷ്റൂമിലാണ് ജയലളിത കുഴഞ്ഞുവീണത്. രാത്രി 9.30 ഓടെയായിരുന്നു സംഭവം. സഹായത്തിനായി എന്നെ ഉറക്കെ വിളിച്ചു. ആശുപത്രിയിൽ പോകാമെന്ന് ഞാൻ പറഞ്ഞെങ്കിലും സമ്മതിച്ചില്ല. ജയലളിതയുടെ വാക്കുകൾ കേൾക്കാതെ ഒടുവിൽ ഞാൻ ഡോക്ടറെ വിളിച്ച് ആംബുലൻസ് അയയ്ക്കാൻ ആവശ്യപ്പെട്ടുവെന്നും ശശികല പറഞ്ഞു. ജയലളിതയുടെ മരണം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ അന്വേഷണ കമ്മീഷനു മുൻപാണ് ശശികല ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ആശുപത്രിയിലേക്ക് പോകുംവഴി ജലയളിതയ്ക്ക് ബോധം വീഴുകയും എന്നെ എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നതെന്ന് ചോദിക്കുകയും ചെയ്തു. അനധികൃത സ്വത്തുസമ്പാദനക്കേസിൽ ശിക്ഷിക്കപ്പെടുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തതിനുശേഷം ജയലളിത മാനസികമായി തളർന്നിരുന്നു. സെപ്റ്റംബർ ആദ്യവാരം മുതൽ ഷുഗർ ലെവലിൽ ഉണ്ടായ വ്യത്യാസം മൂലം ജയലളിതയുടെ ആരോഗ്യം മോശമായിരുന്നുവെന്നും ശശികല പറഞ്ഞു.

സെപ്റ്റംബർ 22 നാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഡിസംബറിലാണ് ജയലളിത മരിക്കുന്നത്. ശശികലയുടെ ബന്ധുവായ ഡോ.കെ.എസ്.ശിവകുമാർ ജയലളിതയെ ചികിൽസിച്ചിരുന്നത്.

ജയലളിത ആശുപത്രിയിൽ ചികിൽസയിൽ കഴിയുമ്പോൾ 4 തവണ അവരുടെ വീഡിയോ ചിത്രീകരിച്ചിട്ടുണ്ടെന്നും ശശികല പറഞ്ഞു. ഒ.പനീർസെൽവം, എം.തമ്പിദുരൈ ഉൾപ്പെടെയുളള അണ്ണാ ഡിഎംകെയുടെ മുതിർന്ന നേതാക്കൾ ആശുപത്രിയിലെത്തി ജയലളിതയെ കണ്ടിരുന്നു. രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരും ജയലളിതയെ സന്ദർശിക്കുകയും അവരുമായി സംസാരിക്കുകയും ചെയ്തുവെന്നും ശശികല അവകാശപ്പെട്ടു.

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഫെ​ബ്രു​വരി മുതൽ ശശികല തടവുശിക്ഷ അനുഭവിക്കുകയാണ്. ഭർത്താവ് എം.നടരാജന്റെ മരണത്തെ തുടർന്ന് ശശികലയ്ക്ക് 15 ദിവസത്തെ പരോൾ അനുവദിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ