ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയായിരുന്ന  ജയലളിതയുടെ 900 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഇനി മരുമക്കളുടെ പേരിലേക്ക് മാറും. മരുമകൻ ജെ ദീപക്, മരുമകൾ ജെ ദീപ എന്നിവർക്കാണ് ജയലളിതയുടെ സ്വത്തിൽ അവകാശമെന്ന് മദ്രാസ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. സ്വത്തുവകകൾക്ക് നിയമപ്രകാരമുള്ള അവകാശികൾ അനന്തരവൻ ജെ.ദീപക്കും അനന്തരവൾ ജെ.ദീപയുമാണെന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ഈ അവകാശികളുടെ സമ്മതമില്ലാതെ ജയലളിതയുടെ വേദനിലയം ബംഗ്ലാവ് സ്വന്തമാക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്നും കോടതി പ്രഖ്യാപിച്ചു. പോയസ് ഗാർഡനിലെ വേദ നിലയത്തെ ‘അമ്മ സ്മാരകമാക്കി’ മാറ്റാനായിരുന്നു തമിഴ്‌നാട് സർക്കാരിന്റെ തീരുമാനം. ഇപ്പോൾ പുറത്തുവന്ന കോടതി വിധി സർക്കാരിന് തിരിച്ചടിയായിരിക്കുകയാണ്.

സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദീപക് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ എൻ.കിരുബകരനും അബ്ദുൽ ഖുദ്ദോസും വിധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശം ദീപക്കിനും സഹോദരി ദീപയ്ക്കുമാണെന്ന് കോടതി വ്യക്തമാക്കി. ജയലളിതയുടെ ഏതാനും സ്വത്തുവകകൾ തിരഞ്ഞെടുത്ത് ജയലളിതയുടെ പേരിൽ ഒരു പബ്ലിക് ട്രസ്റ്റ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ദീപക് സമർപ്പിച്ച ഹർജിക്കും കോടതി അനുവാദം നൽകി.

ജയലളിതയുടെ വസതിയായ വേദ നിലയം നിയമപരമായ അവകാശികളുടെ സമ്മതമില്ലാതെ ഏറ്റെടുക്കാൻ സർക്കാരിന് കഴിയില്ലെന്ന് വാദിച്ച ജഡ്ജിമാർ, സ്വകാര്യ സ്വത്ത് കൈക്കലാക്കാനും അവ സ്മാരകങ്ങളാക്കി മാറ്റാനും പൊതുസ്വത്ത് ഉപയോഗിക്കുന്ന സർക്കാരിന്റെ രീതികളോടുള്ള എതിർപ്പും പ്രകടിപ്പിച്ചു.

2017 ഓഗസ്റ്റിലായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന എടപ്പാടി കെ.പളനിസ്വാമി വേദനിലയം അമ്മ സ്മാരകമാക്കി മാറ്റുന്നതായി പ്രഖ്യാപിച്ചത്. തുടർന്ന് ജയലളിതയുടെ സ്വത്തിന്റെ യഥാർഥ അവകാശികൾ തങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ജയലളിതയുടെ സഹോദര മക്കളായ ദീപ ജയകുമാറും ദീപക്കും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കേസ് തീയതി നിശ്ചയിക്കാതെ മാറ്റിവയ്ക്കുകയായിരുന്നു. കഴിഞ്ഞ മേയ് 22-ന് വേദനിലയം ഏറ്റെടുത്ത് ജയലളിതയുടെ സ്മാരകമാക്കാൻ തമിഴ്‌നാട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് ഇപ്പോൾ ഹൈക്കോടതിയുടെ ഉത്തരവ്.

ചെന്നൈ പോയസ് ഗാർഡനിലെ വേദനിലയമെന്ന വീട്ടിൽ ഇരുന്നായിരുന്നു ജയലളിത തമിഴ്നാട് ഭരിച്ചിരുന്നത്. നൂറുകോടിയിലേറെ വിലമതിക്കുന്ന ഈ സ്ഥലമായിരുന്നു ജയലളിതയുടെ വീടും ഔദ്യോഗിക ഓഫീസും. പോയസ് ഗാർഡനിൽ ജയലളിതയുടെ അയൽവാസിയായിരുന്നു സൂപ്പർസ്റ്റാർ രജനീകാന്ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook