ചെന്നൈ: എഐഎഡിഎംകെയുടെ ഔദ്യോഗിക ചാനലായ ജയാ ടിവിയുടെ ചെന്നൈയിലെ ഓഫീസില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. ഇന്നു രാവിലെയാണ് പരിശോധന ആരംഭിച്ചത്. ഉദ്യോഗസ്ഥര്‍ രാവിലെ ആറുമണിയോടെയാണ് ഏകാട്ടുതംഗലിലെ ഓഫീസിലെത്തിയത്. ചാനലിന്റെ മാത്രമല്ല, മറ്റ് അനുബന്ധ വ്യവസായങ്ങളുടെ ഓഫീസുകളിലും പരിശോധന ഉണ്ടായേക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തില്‍ ആരംഭിച്ച ചാനല്‍ ഇപ്പോള്‍ നയിക്കുന്നത് വി.കെ.ശശികലയുടെ മരുമകന്‍ വിവേക് നാരായണാണ്. കമ്പനിയുടെ ദൈന്യം ദിന കാര്യങ്ങള്‍ നോക്കി നടത്തുന്നതും വിവേകാണ്. വിവേക് നാരായണിന്റെ വസതിയിലും ശശികലയുടെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള ജാസ് സിനിമാസിലും ആദായനികുതി വകുപ്പ് പരിശോധന തുടങ്ങിയിട്ടുണ്ട്. 10ഓളം സ്ഥാപനങ്ങളില്‍ പരിശോധന നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ് വി.കെ.ശശികല. കഴിഞ്ഞ ഓഗസ്റ്റില്‍ എഐഎഡിഎംകെയുടെ രണ്ട് വിഭാഗങ്ങള്‍ ലയിച്ചതോടെ ചാനലിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് സംബന്ധിച്ച് തീരുമാനത്തിലെത്തിയിരുന്നെങ്കിലും ശശികലയുടെ നിയന്ത്രണത്തില്‍ നിന്നും പൂര്‍ണമായും വീണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ