താന്‍ ആത്മഹത്യ ചെയ്യാന്‍ ചിന്തിച്ചിരുന്നതായി വെളിപ്പെടുത്തി മുന്‍ ബോളിവുഡ് നടിയും രാഷ്ട്രീയ നേതാവുമായ ജയപ്രദ. തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചപ്പോഴാണ് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചതെന്ന് ജയപ്രദ വ്യക്തമാക്കി. മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവും രാംപൂര്‍ എം.എല്‍.എയുമായ അസം ഖാന്‍ തനിക്കെതിരെ ആസിഡ് ആക്രമണം നടത്താന്‍ ശ്രമിച്ചെന്ന ഗുരുതരമായ ആരോപണവും അവര്‍ ഉന്നയിച്ചു. മുംബൈ ക്യൂന്‍സ് ലൈന്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനിടെ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജയപ്രദയുടെ വെളിപ്പെടുത്തലുകള്‍.
‘ഒരു പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗം ആയിരുന്നിട്ട് കൂടി എന്നെ വെറുതെ വിട്ടില്ല. അസം ഖാന്‍ എന്നെ ഉപദ്രവിച്ചിട്ടുണ്ട്. എനിക്ക് നേരെ ആസിഡ് ആക്രമണത്തിന് ശ്രമം നടത്തി. അടുത്ത ദിവസം ഞാന്‍ ജീവിച്ചിരിക്കുമോ എന്ന് പോലും എനിക്ക് ഉറപ്പുണ്ടായിരുന്നില്ല. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഇനി തിരിച്ചുവരുമോ എന്ന് അറിയില്ലെന്ന് അമ്മയോട് പറയുമായിരുന്നു,’ ജയപ്രദ പറഞ്ഞു. സമാജ്വാദി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട അമര്‍ സിങ് തനിക്ക് ഗോഡ്ഫാദര്‍ എന്ന പോലെയാണെന്നും ജയപ്രദ പറഞ്ഞു.
തന്നെയും അമര്‍സിംങിനേയും ചേര്‍ത്ത് പലരും പലതും പറഞ്ഞു. അദ്ദേഹത്തിന്റെ കയ്യില്‍ ഞാന്‍ രാഖി അണിയിച്ച ശേഷം പോലും ഈ പ്രചരണങ്ങള്‍ തുടര്‍ന്നു. ഡയാലിസിസ് കഴിഞ്ഞ് വന്ന അമര്‍സിംങ് ആ പ്രതിസന്ധി ഘട്ടത്തിലും എനിക്കൊപ്പം നിന്നു. അങ്ങനെയൊരാളെ ഗോഡ്ഫാദറായോണോ മറ്റെന്തെങ്കിലുമായാണോ കാണേണ്ടത്? ഇപ്പോള്‍ ജനങ്ങള്‍ എന്തുപറയുന്നുവെന്നത് ഞാന്‍ ശ്രദ്ധിക്കാറു പോലുമില്ല. അമര്‍ സിങ് ഡയാലിസിസിന് വിധേയനായിരിക്കുന്ന സമയത്താണ് എന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ മണ്ഡലത്തില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. പൊട്ടിക്കരഞ്ഞുപോയ എനിക്ക് ജീവിക്കാനുള്ള ആഗ്രഹം പോലും ഇല്ലാതായി. ആത്മഹത്യ ചെയ്യാനായിരുന്നു അപ്പോള്‍ തോന്നിയത്. അന്നതെ വിഷമാവസ്ഥയില്‍ സഹായിക്കാന്‍ പോലും ആരുമെത്തിയില്ല’ ജയപ്രദ പറയുന്നു.