അഹമ്മദാബാദ്: ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ മകന് ജയ് ഷാ നല്കിയ മാനനഷ്ടക്കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണ് എന്നും ‘ദി വയര്‍’ മാസികയുടെ റിപ്പോര്‍ട്ടറും എഡിറ്ററും ഹാജരാവണം എന്നും കോടതി നിര്‍ദ്ദേശം. നവംബര്‍ 13നു മുന്‍പ് കോടതിയില്‍ ഹാജരാകണം എന്ന് നിര്‍ദേശിച്ചുകൊണ്ട് മെട്രോപൊളിറ്റിന് കോടതി വിധി പുറപ്പെടുവിച്ചു. 2014ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ജയ് ഷായുടെ സ്ഥാപനത്തിന്റെ ലാഭം 16,000 ഇരട്ടിയായി എന്നുള്ള അന്വേഷണാത്മക റിപ്പോര്‍ട്ടാണ് കേസിനാധാരം. ജയ് ഷാ ഹാജരാക്കിയ ജയ്മിന്‍ ഷാ, രാജീവ് ഷാ എന്നീ സാക്ഷികളെയും അദ്ദേഹത്തിന്റെ വക്കീലായ എസ്വി രാജുവിന്റെയും മറുപടി കേട്ട ശേഷമാണ് മജിസ്ട്രേറ്റ് എസ്.കെ.ഗധ്വിയുടെ വിധി.
“രേഖകളായും സാക്ഷിമൊഴികളുമായും ലഭിക്കുന്ന തെളിവുകള്‍ പരിശോധിച്ചാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അഞ്ഞൂറാം വകുപ്പ് പ്രകാരം പ്രഥമദൃഷ്ട്യാ മാനനഷ്ടക്കേസ് നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ കുറ്റാരോപിതര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉത്തരവിടുന്നു ” എന്നായിരുന്നു കോടതി ഭാഷ്യം. കോടതി ജയ് ഷായുടെ വക്കീലിന്റെയും വാദം കേട്ടു ” കുറ്റാരോപിതന് പരാതിക്കാരനെതിരായി മാനനഷ്ടം വരുത്തുന്ന രീതിയില്‍ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു” എന്നും ” കമ്പനിയുടെ മറ്റൊരു ഡയറക്ടറായ ജിതേന്ദ്ര ഷായുടെ പ്രതികരണം എടുത്തില്ല” എന്നും രാജു വാദിച്ചു,
വിധിയില്‍ ജയ്ഷാ പ്രകടിപ്പിച്ച എതിര്‍പ്പുകളും സൂചിപ്പിക്കുന്നുണ്ട് “ന്യൂസ് വെബ്സൈറ്റ് അദ്ദേഹത്തിനു പ്രതികരിക്കാന്‍ മാത്രമുള്ള സമയം നല്‍കിയില്ല, 2015-2016 വര്‍ഷത്തില്‍ കമ്പനിക്ക് സംഭവിച്ചിട്ടുള്ളതായ നഷ്ടത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ല, അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കമ്പനിയുടെ വരുമാനത്തില്‍ ചിന്താക്കുഴപ്പം വരുത്തുന്ന വിധമാണ് റിപ്പോര്‍ട്ട് എഴുതിയത്. “ചൊവ്വാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ജയ് ഷായും സാക്ഷിയായി ഹാജരായിരുന്നു. തന്റെ സുഹൃത്തുക്കളായ ജയ്മിനും രാജീവും വഴിയാണ് റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയുന്നത് എന്നും ജയ് ഷാ കോടതിയെ അറിയിച്ചു. “ദി ഗോള്‍ഡന്‍ ടച്ച് ഓഫ് ജയ് അമിത് ഷാ” എന്ന തലക്കെട്ടിനു താഴെയുള്ള ‘ദി വയറിന്റെ’ ലേഖനം തന്നെ മാനനഷ്ടം വരുത്തിവയ്ക്കുന്നതാണ് എന്നും രാജു വാദിച്ചു. ‘ദി ഗോള്‍ഡന്‍ ടച്ച്’ എന്നത് ഗ്രീക്ക് മിത്തില്‍ നിന്നും എടുത്തുപയോഗിച്ചതാണ് എന്നും അമിത് ഷായുടെ പേരിനൊപ്പം അയാള്‍ക്ക് ഒന്നും ചെയ്യാനില്ല. ലളിതമായി കാണാവുന്ന ലേഖനമല്ല അത്. ദുരുദ്ദേശ്യത്തോടെ എഴുതിയ ലേഖനം തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഷ്ട്രീയം ലാക്കാക്കിയുള്ളതാണ്” എന്നും ജയ് ഷായുടെ വക്കീല്‍ വാദിച്ചു.
“പരാതിക്കാരനെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ ദുഷ്പേര് വരുത്തുന്നതും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതും ആക്ഷേപിക്കുന്നതുമായ അപവാദാരോപണങ്ങള് നിറഞ്ഞ ലേഖനത്തില്‍ ഒന്നിലേറെ അപകീര്‍ത്തികരമായ വിവരണങ്ങളുണ്ട്. അതിനാല്‍ പ്രതിസ്ഥാനത്തുള്ളവര്‍ക്കെതിരെ ക്രിമിനല്‍കുറ്റം ചുമത്തണം” എന്നു ജയ് ഷായുടെ പരാതിയില്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ രോഹിണി സിങ്, ദി വയറിന്റെ സ്ഥാപക പത്രാധിപരായ സിദ്ധാര്‍ഥ് വരദരാജന്, സിദ്ധാർഥ് ഭാട്ടിയ, എം.കെ.വേണു, മാനേജിങ് എഡിറ്റര്‍ മോണോബിനാ ഗുപ്ത, പബ്ലിക് എഡിറ്റര്‍ പമേലാ ഫിലിപ്പോസ്, വെബ്സൈറ്റ് നടത്തിപ്പുകാരായ ഫൗണ്ടേഷന് ഓഫ് ഇന്‍ഡിപെൻഡന്റ് ജേര്‍ണലിസം എന്നിവരാണ് കേസില്‍ പ്രതിസ്ഥാനത്തുള്ള ഏഴുപേര്‍.