ന്യൂഡല്‍ഹി : ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജയ്‌ അമിത് ഷാക്കെതിരെ എഴുതുന്നതില്‍ ദ് വയറിന് ഏര്‍പ്പെടുത്തിയ വിലക്ക് കോടതി എടുത്തുകളഞ്ഞു. ശനിയാഴ്ചയാണ് മിര്‍സാപ്പൂര്‍ കോടതി രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള വിധി പുറപ്പെടുവിച്ചത്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ജയ്‌ അമിത്ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വരുമാനം 16,000 മടങ്ങ് വർദ്ധിച്ചെന്നായിരുന്നു ദ് വയറിന്‍റെ വാർത്ത. വാർത്ത നൽകിയ ഓൺലൈൻ മാധ്യമത്തിന്‍റെ എഡിറ്ററടക്കം ഏഴ് പേർക്കെതിരെ അപകീര്‍ത്തിപ്പെടുത്തല്‍ ആരോപിച്ചുകൊണ്ട് ജയ്‌ഷാ നല്‍കിയ 100 കോടി രൂപയുടെ നഷ്ടപരിഹാര കേസിനെ തുടര്‍ന്നാണ്‌ കോടതി പ്രസിദ്ധീകരണത്തിന് വിലക്ക് ഏര്‍പ്പെടുത്തുന്നത്.

മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തില്‍ ഭരണഘടനാപരമല്ലാത്ത വിധം നിയന്ത്രണമേര്‍പ്പെടുത്തുന്നു എന്നാണ്‌ ദ് വയര്‍ തുടക്കം മുതല്‍ ഉയര്‍ത്തിയ വാദം. തങ്ങള്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അപകീര്‍ത്തികരമായ ഒന്നുമില്ലെന്നും പൂർണമായും പൊതുരേഖകളും ജയ്‌ ഷാ നല്‍കിയ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ് ലേഖനം എന്നുമാണ് ദ് വയര്‍ വാദിച്ചത്.

മാര്‍ച്ച് 2015ല്‍ 50,000രൂപ ലാഭമുണ്ടായ ജയ്‌ ഷായുടെ കമ്പനിയായ ടെമ്പിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിനു 2015-16 വര്‍ഷമാവുമ്പോഴേക്കും ലാഭം 16,000 ഇരട്ടിയായി വര്‍ദ്ധിച്ച് 80.5 കോടിയായി എന്നായിരുന്നു റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്. കെഐഎഫ്എസ് എന്ന സാമ്പത്തിക സേവനദായകരില്‍ നിന്നും ഉറപ്പുപത്രം ഒന്നും വെക്കാതെ 15.78 കോടി രൂപയുടെ വായ്പ്പയും ലഭിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

പ്രസിദ്ധീകരണത്തിനെതിരെ മാനനഷ്ടക്കേസ് നല്‍കിയെങ്കിലും വാദം കേള്‍ക്കുന്ന ദിവസങ്ങളില്‍ ജയ്‌ ഷാ ഹാജരായിരുന്നില്ല. ഇന്ന് വന്ന കോടതി വിധിയില്‍ ജയ്‌ അമിത് ഷായുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കാം എന്ന്‍ വയറിനോട്‌ പറഞ്ഞ കോടതി. ” നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിനു ശേഷം/ നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത ശേഷം” എന്നീ വരികള്‍ ജയ്ഷായുടെ വാര്‍ത്തകളുമായി ചേര്‍ത്ത് ഉപയോഗിക്കുന്നതിനുള്ള വിലക്ക് തുടരുന്നു.

പൊതു താൽപ്പര്യത്തോടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വ്യായാമമാണ് ജയ്‌ ഷായുടെ പേരിലുള്ള ലേഖനം എന്ന് പറഞ്ഞ കോടതി ജയ് ഷായുടെ ബിസിനസും പൊതു പ്രവർത്തനവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും റിപ്പോർട്ടുചെയ്യുകയും എഴുതുകയും ചെയ്യാന്‍ ദ് വയർ സ്വതന്ത്രമാണ് എന്നും വിധിച്ചതായി ദ് വയര്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ