ന്യൂഡൽഹി: മഹാരാഷ്ട്രയിലെ നാസിക്കിൽ മലയാളി ജവാൻ മരിച്ച് ഒരു മാസത്തിനിപ്പുറം മാധ്യമ പ്രവർത്തകയ്ക്കെതിരെ കേസെടുത്തു. ക്വിന്റ് എന്ന ഓൺലൈൻ മാധ്യമത്തിന്റെ റിപ്പോർട്ടർ പൂനം അഗർവാളിനെതിരെയാണ് കേസെടുത്തത്.

ഫെബ്രുവരി 25നാണ് നാസിക്കിലെ ക്യാന്പിൽ കൊല്ലം എഴുകോൺ കാരുവേലിൽ ചെറുകുളത്ത് വീട്ടിൽ സ്വദേശിയായ ലാൻസ് നായിക് റോയ് മാത്യുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതെന്നാണ് വിവരം.

ഔദ്യോഗിക രഹസ്യ നിയമം, അനുമതിയില്ലാതെ നിരോധിത മേഖലയിൽ പ്രവേശിച്ച് ജവാനിൽ നിന്ന് അഭിമുഖം തയ്യാറാക്കി എന്നീ കുറ്റങ്ങളാണ് പൂനം അഗർവാളിനെതിരെ ചുമത്തിയിരിക്കുന്നത്. സൈന്യം നാസിക് പൊലീസില്‍ നല്‍കിയ പരാതിപ്രകാരമാണ് കേസെടുത്തത്. നിരോധിത മേഖലയില്‍ പ്രവേശിച്ച് വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ പരാതി നല്‍കിയത്.

ഒളിക്യാമറ ഓപ്പറേഷന്‍ നടത്തുകയും അതീവ രഹസ്യമായ വിവരങ്ങള്‍ക്ക് വേണ്ടി മാത്യുവിനോട് ചോദ്യങ്ങള്‍ ചോദിച്ചതായും സൈന്യം ആരോപിക്കുന്നു. ഒളിക്യാമറയുമായി പട്ടാളക്യാപ് പരിസരത്ത് കയറിയ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ സൈന്യം പരാതി നല്‍കിയതായി പൊലീസ് അറിയിച്ചു. സംഭവം പരിശോധിച്ചതിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

ഡിയോലാലി കന്റോണ്‍മെന്റ് പ്രദേശത്ത് തന്നെ പ്രവേശിക്കാന്‍ സാഹായിച്ചവരുടെ വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തക പൊലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് ഷൂട്ട് ചെയ്ത വീഡിയോ പിടിച്ചെടുക്കുകയും വെബ്സൈറ്റില്‍ നിന്ന് റിപ്പോര്‍ട്ട് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഒളിക്യാമറ ഓപ്പറേഷന് മുമ്പ് മാധ്യമപ്രവര്‍ത്തക ചാറ്റ് ചെയ്ത സൈനികരുടെ വിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതില്‍ മാത്യുവും ഉള്‍പ്പെട്ടിട്ടുണ്ട്. വിവരങ്ങള്‍ പുറത്തായതാണ് മാത്യുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.

സൈനികർ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളെ കുറിച്ച് വെളിപ്പെടുത്തിയ റിപ്പോര്‍ട്ടാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഇതിനെ തുടർന്നുണ്ടായ മാനസിക സംഘർഷത്തെ തുടർന്നാണ് റോയ് ആത്മഹത്യ ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ