ന്യൂഡൽഹി: മികച്ച സർവ്വകലാശാലയ്‌ക്കുള്ള രാഷ്ട്രപതിയുടെ അവാർഡിന് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി(ജെ.എൻ.യു) അർഹരായി. ബിജെപി എം.പി അടക്കം സർവ്വകലാശാലയിലെ വിദ്യാർത്ഥികളെ ദേശവിരുദ്ധരെന്ന് കുറ്റപ്പെടുത്തി ഒരു വർഷത്തിനുള്ളിലാണ് സർവ്വകലാശാലയെ തേടി രാജ്യത്തെ മികച്ച സർവ്വകലാശാലയെന്ന പുരസ്കാരം എത്തുന്നത്. മാർച്ച് ആറിന് രാഷ്ട്രപതി പ്രണബ് മുഖർജിയിൽ നിന്ന് സർവ്വകലാശാല വൈസ് ചാൻസലർ ജഗദീഷ് കുമാർ സമ്മാനം ഏറ്റുവാങ്ങും.

അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയ ശേഷം ജെ.എൻ.യു. വിൽ നടന്ന സംഭവങ്ങളാണ് അവിടുത്തെ വിദ്യാർത്ഥികളിൽ ഒരു വിഭാഗത്തിനെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്ന നിലയിലേക്ക് ഉയർന്നത്. ജെ.എൻ.യു. വിദ്യാർത്ഥി യൂണിയൻ ചെയർമാൻ കനയ്യ കുമാറടക്കം ഇതേ തുടർന്ന് അറസ്റ്റിലായിരുന്നു. വിദ്യാർത്ഥികൾക്കൊപ്പം നിരവധി അദ്ധ്യാപകരെയും ദേശ ദ്രോഹികളായി ചിത്രീകരിച്ചിരുന്നു. പ്രശ്നത്തെ തുടർന്ന് ദീർഘനാളുകളായി കാംപസ് അടച്ചുിരിക്കുകയാണ്. ഇതിനിടയിലാണ് സർവ്വകലാശാലകൾക്കുള്ള രാജ്യത്തെ പരമോന്നത ബഹുമതി ജെ.എൻ.യു കരസ്ഥമാക്കിയിരിക്കുന്നത്.

സർവ്വകലാശാലകൾക്കിടയിലെ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിന് 2015 മുതൽ നൽകിവരുന്നതാണ് ഈ അവാർഡ്. ഹിമാചൽ യൂണിവേഴ്സിറ്റിയിലെ ഡോ.ദീപക് പന്ഥ് ആണ് പ്രഥമ അവാർഡിന് അർഹനായത്. കഴിഞ്ഞ വർഷം ഗവേഷണവുമായി ബന്ധപ്പെട്ട് ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ പ്രൊഫ.ശ്യാം സുന്ദർ, തേസ്‌പൂർ സർവ്വകലാശാലയിലെ പ്രൊഫ.നിരഞ്ജൻ കാരക് എന്നിവർ പുരസ്കാരം പങ്കിട്ടു.

അലിഗഡ് മുസ്ലിം സർവ്വകലാശാല, ബനാറസ് ഹിന്ദു സർവ്വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ, രാജസ്ഥാൻ കേന്ദ്ര സർവകലാശാല എന്നിവരടക്കം ഒൻപത് സർവ്വകലാശാലകളാണ് പുരസ്കാരത്തിനായി അപേക്ഷിച്ചത്. രാഷ്ട്രപതിയുടെ സെക്രട്ടറി ഒമിത പോൾ, ഉന്നത വിദ്യാഭ്യാസ വകുപ്പിലെയും ശാസ്ത്ര-സാങ്കേതിക വകുപ്പിലെയും സെക്രട്ടറിമാർ, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ ചെയർമാൻ, കൗൺസിൽ ഓഫ് സയന്റിഫിക് ഇന്റസ്ട്രിയൽ റിസർച്ച് ഡയറക്ടർ ജനറൽ എന്നിവരടങ്ങിയ സമിതിയാണ് ജെ.എൻ.യു വിനെ തിരഞ്ഞെടുത്തത്.
റിസർച്ച് പ്രബന്ധങ്ങൾ, വിദ്യാർത്ഥി-അദ്ധ്യാപക അനുപാതം, ദേശീയ തലത്തിലെ സർവ്വകലാശാല റാങ്ക് തുടങ്ങി വിവിധ വിഷയങ്ങൾ പരിഗണിച്ചാണ് പുരസസ്കാര ജേതാവിനെ പരിഗണിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook