ന്യൂഡൽഹി: സർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ട് ജാട്ട് വിഭാഗക്കാർ തുടങ്ങിയ പ്രക്ഷോഭം നാളെ ഡൽഹിയിലേക്ക് വ്യാപിപ്പിക്കാനിരിക്കെ ഹരിയാനയിലെ ഫത്തേഹാബാദില്‍ സംഘര്‍ഷം. പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വനിതാ ഡെപ്യൂട്ടി സുപ്രണ്ട് അടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു. ഡല്‍ഹിയിലേക്ക് നീങ്ങിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതാണ് പ്രശ്നത്തിലേക്ക് നീങ്ങിയത്.

സംഘര്‍ഷത്തിനിടെ പ്രതിഷേധക്കാര്‍ രണ്ട് ബസിന് തീയിട്ടു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ടിയര്‍ഗ്യാസും ലാത്തിച്ചാര്‍ജും നടത്തി. നാല് പൊലീസുകാര്‍ക്കും നിരവധി പ്രതിഷേധക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകയ്ക്കും പരുക്കേറ്റു.

പ്രതിഷേധം ഡല്‍ഹിയിലേക്കും കനക്കുമെന്ന ഭീഷണിയില്‍ ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയെങ്കിലും പ്രക്ഷോഭം തത്കാലത്തേക്ക് ഉണ്ടാവില്ലെന്നാണ് സൂചന. ഹരിയാന മുഖ്യമന്ത്രിയുമായി പ്രതിഷേധക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് 15 ദിവസത്തിനുള്ളില്‍ തീരുമാനമാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്.

തിങ്കളാഴ്ച്ച പാർലമെന്റ് ഘെരാവോ ചെയ്യുമെന്നും ജാട്ട് നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. മുൻകരുതലെന്നവണ്ണം ഡൽഹി മെട്രോയുടെ 34 സ്റ്റേഷനുകൾ ഇന്ന് രാത്രി മുതൽ അടച്ചിടും. അക്രമ സംഭവങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ശനിയാഴ്ച അർദ്ധരാത്രി മുതൽ ഗതാഗത നിയന്ത്രണം തുടങ്ങിയിരുന്നു.

രാജീവ് ചൗക്ക്, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, ഉദ്യോഗ് ഭവൻ, അടക്കമുള്ള പ്രധാന സ്റ്റേഷനുകളിലെ മെട്രോ സർവീസുകൾ തടസപ്പെടും. ഡൽഹിയിലേക്കുള്ള സുപ്രധാന ട്രെയിൻ സർവീസുകൾ രാത്രി എട്ടുവരെ വെട്ടിച്ചുരുക്കി. ഹരിയാനയിലെ വിവിധ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന- ഡൽഹി അതിർത്തിയിൽ കനത്ത ജാഗ്രതയാണ് പൊലീസ് പുലർത്തുന്നത്. ഹരിയാനയിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.

സർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം വേണമെന്ന ജാട്ട് വിഭാഗക്കാരുടെ ആവശ്യം ചർച്ചയിൽ ഹരിയാന സർക്കാർ അംഗീകരിച്ചിരുന്നതാണ്. കഴിഞ്ഞ വർഷത്തെ ജാട്ട് പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകുമെന്നും ജയിലിൽ കിടക്കുന്നവരുടെ കേസുകൾ പുന:പരിശോധിക്കുമെന്നും സർക്കാർ ഉറപ്പു നൽകിയിരുന്നു. എന്നാൽ, സർക്കാർ വാക്കു പാലിച്ചില്ലെന്ന് ജാട്ടുകൾ പറയുന്നു. തുടർന്നാണ് പ്രക്ഷോഭം ഡൽഹിയിൽ നടത്താൻ ജാട്ടുകൾ തീരുമാനിച്ചത്. കഴിഞ്ഞ വർഷം ജാട്ട് സമുദായം നടത്തിയ പ്രക്ഷോഭത്തിൽ നിരവധി പേർ മരണപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook