ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബൂമ്രയുടെ മുത്തച്ഛനെ മരിച്ച നിലയില്‍ കണ്ടെത്തി. ഗാന്ധി ബ്രിഡ്ജിനും ഡാദിച്ചി ബ്രിഡ്ജിനും ഇടയിലുളള സബര്‍മതി നദിയില്‍ നിന്നാണ് 84കാരനായ സന്തോക് സിംഗ് ബുമ്രയുടെ മൃതദേഹം അഹമ്മദാബാദ് ഫയര്‍ഫോഴ്സ് കണ്ടെത്തിയത്.

ജസ്പ്രീതിനെ കാണാനാണെന്ന് പറഞ്ഞ് അഹമ്മദാബാദിലേക്ക് പുറപ്പെട്ട ഇദ്ദേഹത്തെ വെളളിയാഴ്ച്ച മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് വസ്ത്രപൂര്‍ പൊലീസില്‍ കുടുംബം പരാതി നല്‍കി. എന്നാല്‍ അന്വേഷണത്തില്‍ ഇദ്ദേഹത്തെ കണ്ടെത്താനായില്ല. ഡിസംബര്‍ ഒന്നിന് സന്തോക് സിംഗ് മകളുടെ വീട്ടിലുണ്ടായിരുന്നു. ജസ്പ്രീത് ബൂമ്രയുടെ ജന്മദിനമായ ഡിസംബര്‍ 6ന് മകനെ കാണണമെന്ന് മുത്തച്ഛന്‍ കുടുംബത്തെ അറിയിച്ചിരുന്നു. എന്നാല്‍ ക്രിക്കറ്റ് ക്യാംപില്‍ ഉണ്ടായിരുന്ന ബൂമ്രയെ മുത്തച്ഛന് കാണാനായില്ല. തുടര്‍ന്നാണ് അദ്ദേഹത്തെ ഡിസംബര്‍ 8 മുതല്‍ കാണാതായത്.

ഉത്തരാഖണ്ഡിലെ കിച്ച ഗ്രാമത്തില്‍ ഓട്ടോ തൊഴിലാളിയാണ് സന്തോക് സിംഗ് ബൂമ്ര. മുമ്പ് അദ്ദേഹം പേരുകേട്ട വ്യാപാരിയായിരുന്നെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ജസ്പ്രീതിന്റെ പിതാവിന്റെ മരണശേഷം വ്യാപാരം നിര്‍ത്തിയ സന്തോക് ഉത്തരാഖണ്ഡിലേക്ക് താമസം മാറുകയായിരുന്നു.

ജസ്പ്രീതിനെ കാണുന്നതില്‍ നിന്ന് മുത്തച്ഛനെ ക്രിക്കറ്റ് താരത്തിന്റെ മാതാവും സ്കൂള്‍ ടീച്ചറുമായ ജല്‍ജിത് കൗര്‍ വിലക്കിയിരുന്നതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോണ്‍ നമ്പറും നല്‍കിയിരുന്നില്ല. ഇതില്‍ മനംനൊന്താണ് അദ്ദേഹം വീട് വിട്ടതെന്ന് കുടുംബം ആരോപിക്കുന്നുണ്ട്. നിലവില്‍ ശ്രീലങ്കയ്ക്ക് എതിരായ ഏകദിന മത്സരത്തിലാണ് ബൂമ്രയുളളത്. മുത്തച്ഛന്റെ മരണവാര്‍ത്ത് ക്രിക്കറ്റ് താരം ഇതുവരെയും അറിഞ്ഞിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ