ടോക്കിയോ: ആയിരക്കണക്കിന് പേരാണ് ടോക്കിയോയിലെ മൈജി കുടീരത്തിനടുത്ത് തിങ്കളാഴ്ച ജപ്പാന് രാജകുമാരി അയാക്കോയുടെ വിവാഹ ചടങ്ങ് കാണാനെത്തിയത്. വരനായ കെയി മോറിയയുടെ കൈ പിടിച്ച് എത്തിയപ്പോള്‍ ജനങ്ങള്‍ ആര്‍ത്തു വിളിച്ച് വധുവരന്മാര്ക്ക് ആശംസ നേര്‍ന്നു. ‘നീണാള്‍ വാഴട്ടെ’ എന്ന് അര്‍ത്ഥമാക്കുന്ന ‘ബാന്സായി’ എന്ന ജാപ്പനീസ് വാക്ക് ജനങ്ങള്‍ വിളിച്ചു പറഞ്ഞു.
കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ദമ്പതികളെ സ്വാഗതം ചെയ്തു. പരമ്പരാഗത ജാപ്പനീസ് വസ്ത്രമായ ഉച്ചിക്കി കിമോണോ ധരിച്ചാണ് അയാക്കോ എത്തിയത്. പാശ്ചാത്യരീതിയിലുളള കറുത്ത കോട്ടും തവിട്ട് നിറത്തിലുളള പാന്റുമാണ് വരന് മൊറിയോ ധരിച്ചിരുന്നത്.
പരേതനായ രാജകുമാരന് തകാമോഡോയുടെയും ഹിസാക്കോ രാജ്ഞിയുടെയും മകളാണ് അയാക്കോ രാജകുമാരി. മൊറിയോയുമായുളള വര്‍ഷങ്ങളായുളള പ്രണയമാണ് ഇന്ന് വിവാഹത്തിലെത്തിയത്. രാജനിയമപ്രകാരം രാജകുടുംബത്തിന് പുറത്തുളളവരെ സ്ത്രീകള്‍ വിവാഹം ചെയ്യുന്നത് അംഗീകരിക്കുന്നില്ല. അങ്ങനെ വിവാഹം ചെയ്താല്‍ അവര്‍ക്ക് രാജ്ഞി പദവി നഷ്ടമാകും. കൂടാതെ ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങളും മറ്റും ലഭിക്കുകയും ഇല്ല.
രാജകുടുംബത്തിന് പുറത്തുളളവരെ വിവാഹം ചെയ്യാന്‍ പുരുഷന്മാര്ക്ക് അധികാരം ഉണ്ടെങ്കിലും സ്ത്രീകള്‍ക്ക് ഇതിനുളള അവകാശമില്ല. ഈ നിയമങ്ങള്‍ അറിഞ്ഞ് കൊണ്ടാണ് കാമുകനായ മൊറിയോയെ വിവാഹം ചെയ്യാന്‍ അയാക്കോ തീരുമാനിച്ചത്. എന്നാല്‍ രാജ്ഞി പദവി നഷ്ടമാകുന്ന അയാക്കോയ്ക്ക് സര്‍ക്കാര്‍ ജീവിക്കാനുളള ചെലവ് നല്‍കും. 950,000 ഡോളര്‍ (ഏകദേശം 7 കോടി രൂപ) ആണ് സര്‍ക്കാര്‍ നല്‍കുക.
ഒരു ഷിപ്പിങ് കമ്പനിയിലെ ജോലിക്കാരനാണ് 32കാരനായ മൊറിയോ. വിവാഹച്ചടങ്ങിന് ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടു. തന്റെ ഭാര്യ ഇന്ന് വളരെ ‘സുന്ദരിയായിരിക്കുന്നു’ എന്ന് മാധ്യമങ്ങളോട് മൊറിയോ പറഞ്ഞു. താന്‍ വളരെയധികം അനുഗ്രഹിക്കപ്പെട്ടവളായി മാറിയെന്ന് അയാക്കോ വ്യക്തമാക്കി. ഇന്ന് തന്നെ രാജ്ഞി പദവി ഉപേക്ഷിക്കുമെന്നും എന്നാല്‍ രാജമഹത്വത്തെ താന്‍ എന്നും പിന്തുണയ്ക്കുമെന്നും അയാക്കോ കൂട്ടിച്ചേര്‍ത്തു.