പാത്രം തുറന്ന് ഒരല്‍പ സമയം പുറത്ത് വെച്ചാല്‍ തന്നെ ഐസ്ക്രീം അലിഞ്ഞ് വെളളമാകും. അത്കൊണ്ട് തന്നെയാണ് ഐസ്ക്രീം പറ്റാവുന്നതിലും വേഗത്തില്‍ നമ്മള്‍ കഴിച്ചു തീര്‍ക്കുന്നത്. എന്നാല്‍ ജപ്പാനിലെ കനസാവാ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ഇതിന് പരിഹാരം കണ്ടെത്തിയതായി അവകാശവാദം ഉന്നയിക്കുകയാണ്. ഐസ്ക്രീം അലിയാതെ മണിക്കൂറുകളോളം അതേ രൂപത്തില്‍ തന്നെ ഇരിക്കുമെന്നാണ് ഗവേശകരുടെ വാദം.
ചൂടുളള അന്തരീക്ഷത്തിലായാലും മൂന്ന് മണിക്കൂറുകളോളം ഐസ്ക്രീം അലിയാതെ ഇരിക്കും. കൂടാതെ ഹൈയര്‍ ഡ്രൈയര്‍ ഉപയോഗിച്ച് അഞ്ച് മിനുട്ടുകളോളം ചൂടാക്കിയിട്ടും ഐസ്ക്രീം അലിഞ്ഞില്ലെന്നും ഗവേഷകര്‍ പറയുന്നു. അതിന്റെ രഹസ്യവും ഗവേഷകര്‍ പുറത്തുവിടുന്നുണ്ട്. സ്ട്രോബെറിയില്‍ നിന്നും ഊറ്റിയെടുത്ത പോളിഫിനോള്‍ ദ്രാവകം ഐസ്ക്രീമില്‍ ചേര്‍ത്താണ് പുതിയ കണ്ടുപിടിത്തം നടത്തിയതെന്ന് കനസാവ സര്‍വ്വകലാശാല പ്രൊഫസര്‍ ടോമിഹിസ ഓത പറയുന്നു. വെളളവും എണ്ണയും വേര്‍പ്പെടുന്നത് വൈകിപ്പിക്കാന്‍ പോളിഫിനോള്‍ ദ്രാവകത്തിന് കഴിയുമെന്നും അദ്ദേഹം പറയുന്നു.
ചോക്ലേറ്റ്, വനില, സ്ട്രാബറി തുടങ്ങി ഏത് ഫ്ലേവറില്‍ വരുന്ന ഐസ്ക്രീം ആണെങ്കിലും ഇത്തരത്തില്‍ അലിയാതെ സൂക്ഷിക്കാന്‍ കഴിയുമെന്നും സര്‍വകലാശാല ഗവേശകര്‍ അവകാശപ്പെടുന്നുണ്ട്.