ടോക്കിയോ: രാജകുമാരിയുടെ പ്രണയ വിവാഹം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ജപ്പാൻ ജനത. പ്രണയ സാക്ഷാത്കാരത്തിനായി തന്റെ രാജകീയ പദവികള്‍ പോലും ത്യജിച്ചിരിക്കുകയാണ് മാക്കോ അകിഷിനോ രാജകുമാരി.

ജപ്പാന്‍ ചക്രവര്‍ത്തി അകിഹിതോയുടെ പേരകുട്ടിയാണ് 25 വയസുകാരിയായ മാകോ. യൂണിവേഴ്‌സിറ്റിയിലെ പഠനകാലത്തെ സഹപാഠിയാണ് രാജകുമാരിയുടെ പ്രതിശ്രുത വരന്‍ കെയ് കൊമര്‍. ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും യൂണിവേഴ്‌സിറ്റി ഓഫ് ലെസ്റ്ററില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയ ശേഷം മ്യൂസിയത്തില്‍ ഗവേഷകനായി ജോലിചെയ്യുകയാണ് ഇദ്ദേഹം. അഞ്ചുവര്‍ഷം മുമ്പ് ടോക്കിയോയിലെ റസ്റ്റോറന്റില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. രാജകുടുംബാംഗങ്ങളോട് തന്റെ പ്രണയം തുറന്ന് പറഞ്ഞപ്പോള്‍ മനമില്ലാ മനസോടെയാണെങ്കിലും എല്ലാവരും സമ്മതിച്ചു. വിവാഹം നടത്തിക്കൊടുക്കാമെന്ന് വാക്കും നൽകി.

പക്ഷേ, ജപ്പാനിലെ രാജ കുടുംബത്തില്‍ നിന്നുള്ളവര്‍ക്ക് രാജ കുടുംബങ്ങളില്‍ നിന്നു മാത്രമേ വിവാഹം കഴിക്കാന്‍ കഴിയുകയുള്ളു. ഇത് ലംഘിക്കുന്നവര്‍ക്ക് രാജ പദവികളില്‍ സ്ഥാനം ലഭിക്കുകയില്ല. തന്റെ സഹപാഠിയായ കിയി കൊമുറോയിയെന്ന സാധാരണക്കാരനെ സ്വന്തമാക്കുന്നതിന് വേണ്ടി രാജകുമാരി സ്ഥാനത്ത് നിന്ന് ഒഴിവാക്കാനുള്ള അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുകയാണിപ്പോൾ മാകോ. രാജപദവിക്ക് വേണ്ടി തന്റെ പ്രണയത്തെ ഉപേക്ഷിക്കാൻ മാക്കോ തയാറായില്ല.

ഇതിനു മുമ്പ് 2005ലും സമാനമായ വിവാഹം ജപ്പാന്‍ രാജകുടുംബത്തില്‍ നടന്നിരുന്നു. മാകോയുടെ അമ്മാവിയായ സയാകോ രാജകുമാരിയായിരുന്നു ആദ്യമായ് സാധാരണക്കാരിയായ് മാറിയ രാജകുടുംബാംഗം. അകിഹിതോയ്ക്ക് ശേഷം മകോ രാജകുമാരിയുടെ അമ്മാവനായ നറുഹിതോയാണ് അടുത്ത കിരീടാവകാശി. മകോയുടെ പിതാവും ഇളയ സഹോദരനും തുടര്‍ന്നുള്ള കിരീടാവകാശികളാണ്.

എന്തായാലും അനശ്വര പ്രണയത്തിനായി കൊട്ടാരവും രാജ പദവിയും ഉപേക്ഷിച്ച മാക്കോ എക്കാലവും ജപ്പാൻ ജനതയാൽ വാഴ്ത്തപ്പെടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook