അഹമ്മദാബാദ്: ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനായി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ഭാര്യ അകി ആബെയും ഇന്ത്യയിലെത്തി. ഇരുവർക്കും ഗംഭീരമായ സ്വീകരണം നൽകി. പരമ്പരാഗത നൃത്തരൂപങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെയാണ് വിമാനത്താവളത്തിൽ ഇരുവരെയും വരവേറ്റത്.

അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ ഇരുവരെയും പ്രോട്ടോക്കോൾ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു. ബുദ്ധ സന്യാസികളും ആബെയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. അതിനുശേഷം സബര്‍മതി ആശ്രമം വരെ സംഘടിപ്പിച്ചിരുന്ന റോഡ് ഷോയില്‍ ആബെയും ഭാര്യയും മോദിയോടൊപ്പം പങ്കെടുത്തു. എട്ട് കിലോമീറ്ററോളം നീളുന്ന റോഡ് ഷോ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും സബര്‍മതി ആശ്രമം വരെയാണ് സംഘടിപ്പിച്ചിരുന്നത്.

ഇരു നേതാക്കളും വൈകിട്ട് ആറ് മണിയോടെ അഹമ്മദാബാദിലെ സീതി സയ്യിദ് പളളി സന്ദര്‍ശിച്ചു. എഡി 1572ല്‍ പണിത മുസ്ലിം പളളി കൊത്തുപണികള്‍ കൊണ്ട് പ്രശസ്തമാണ്.

സബർമതി ആശ്രമത്തിൽ ആബെ സന്ദർശനം നടത്തി. രണ്ടു ദിവസമായി നടക്കുന്ന 12-ാമത് ഇന്ത്യ-ജപ്പാൻ ഉച്ചകോടിയിൽ ആബെ പങ്കെടുക്കും. ജപ്പാനീസ്​ കമ്പനികൾ ഗുജറാത്തിൽ നിക്ഷേപമിറക്കുന്നതിനുള്ള കറാറുകൾ ഉച്ചകോടിയിൽ ഒപ്പുവയ്ക്കും. ജപ്പാൻ സഹകരണത്തോടെയുളള മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങും മോദിയും ആബെയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ആബെയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അഹമ്മദാബാദില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ