ന്യൂഡൽഹി: ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഞായറാഴ്ച ആരംഭിക്കാനിരുന്ന ഇന്ത്യാ സന്ദർശനം റദ്ദാക്കിയേക്കും. ജപ്പാനിലെ ജിജി പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഞായറാഴ്ച അദ്ദേഹം ഇന്ത്യയിൽ എത്തും എന്നായിരുന്നു അറിയിച്ചിരുന്നത്.
ഗുവാഹത്തിയിലായിരുന്നു പ്രധാനമന്ത്രിയും ആബെയും തമ്മിലുള്ള മൂന്ന് ദിവസത്തെ ഉച്ചകോടി നടക്കേണ്ടിയിരുന്നത്. പൗരത്വഭേഗതി നിയമം നടപ്പാക്കുന്നതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തായതിനെ തുടര്‍ന്ന് ഉച്ചകോടിയുടെ വേദി മാറ്റുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
Read More: പൗരത്വ ഭേദഗതി ബില്ലിൽ ഇടഞ്ഞ് ബംഗ്ലാദേശും; മന്ത്രിമാർ ഇന്ത്യാ സന്ദർശനം റദ്ദാക്കി
പാർലമെന്റ് പൗരത്വ (ഭേദഗതി) ബിൽ പാസാക്കിയതിന് തൊട്ടുപിന്നാലെ ബംഗ്ലാദേശിലെ വിദേശകാര്യ മന്ത്രി എ കെ അബ്ദുൾ മോമെൻ, ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ എന്നിവരും ഇന്ത്യ സന്ദർശനം റദ്ദാക്കിയിരുന്നു. ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവത്തെ ദുർബലപ്പെടുത്താൻ പൗരത്വ (ഭേദഗതി) നിയമത്തിനു കഴിയുമെന്ന് മോമെൻ ആശങ്ക പ്രകടിപ്പിച്ചു. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ മതപരമായ പീഡനങ്ങൾ നേരിടുന്നുവെന്ന അമിത് ഷായുടെ ആരോപണം അദ്ദേഹം നിരസിക്കുകയും ചെയ്തു. ഡിസംബർ 12 മുതൽ 14 വരെ മൂന്നുദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ച വൈകീട്ട് ഇന്ത്യയിലെത്തേണ്ടതായിരുന്നു മോമെൻ.
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെ ശക്തമായാണ് എ കെ അബ്ദുള്‍ മോമെൻ പ്രതികരിച്ചത്. “അമിത് ഷായുടെ ആരോപണം തികച്ചും അസത്യമാണ്. ആര് അത്തരത്തിലൊരു വിവരം നല്കിയാലും അത് ശരിയല്ല. ഹിന്ദുക്കള്‍ ബംഗ്ലാദേശില്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് പറയുന്നതില്‍ യാതൊരു വാസ്തവവുമില്ല” എന്നായിരുന്നു മോമെന്റെ പ്രതികരണം.
സന്ദർശനത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് അദ്ദേഹം പരിപാടി ഉപേക്ഷിച്ചത്. ഇതിനുപിന്നാലെയാണ് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രിയും സന്ദർശനം റദ്ദാക്കിയത്. മൂന്നുദിവസത്തെ സന്ദർശനത്തിന് വെള്ളിയാഴ്ച മേഘാലയയിലെ ഷില്ലോങ്ങിലെത്തേണ്ടതായിരുന്നു അസുസമാൻ ഖാൻ. മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ ക്ഷണപ്രകാരം ഖാൻ വെള്ളിയാഴ്ച മേഘാലയയിലേക്ക് പോകാനിരുന്ന അദ്ദേഹം സന്ദർശനം മാറ്റിവയ്ക്കുകയായിരുന്നു.
“സന്ദർശനം മാറ്റിവച്ചു. ജനുവരിയിലോ ഫെബ്രുവരിയിലോ മന്ത്രി മേഘാലയ സന്ദർശിച്ചേക്കാം,” ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയ വക്താവ് ഷെരീഫ് മഹ്മൂദ് പറഞ്ഞു.
അതേസമയം മോമെൻ സന്ദർശനം റദ്ദാക്കിയതിന് പൗരത്വ (ഭേദഗതി) ബില്ലുമായി യാതൊരു ബന്ധവുമില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒരു മണിക്കൂർ മുമ്പ് മാത്രമാണ് അദ്ദേഹം സന്ദർശനം വേണ്ടെന്ന് വച്ചതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.
അതേസമയം ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്. അസമിൽ പൊലീസിനുനേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞതിനെത്തുടർന്നാണ് വെടിയുതിർത്തത്. വെടിവയ്പ്പിൽ കൂടുതൽ ആളുകൾക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പരുക്കേറ്റ 21 പേരിൽ ഒമ്പത് പേരെ ഗുവാഹട്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ നടക്കുന്ന പ്രതിഷേധ പ്രക്ഷോഭങ്ങൾ ഇന്നലെയും സജീവമായിരുന്നു. നിരവധി പ്രതിഷേധക്കാരാണ് തെരുവിലിറങ്ങിയത്. അതിനിടെ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും നിയമം പ്രാബല്യത്തിൽ വരികയും ചെയ്തു.