ബ്ലൂംബര്‍ഗ്: രാജ്യതലസ്ഥാനമായ ടോക്കിയോയില്‍ നിന്ന് താമസം മാറുന്നതിന് കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കാന് ജപ്പാന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. ഒന്നിലധികം പ്രാദേശിക മാധ്യമങ്ങളാണ് ഈ വിവരം പുറത്തു വിട്ടിരിക്കുന്നത്.
ടോക്കിയോയിലെ പ്രധാന മേഖലകളിലുള്ള കുടുംബങ്ങൾ പ്രദേശിക ഗ്രാമങ്ങളിലേക്ക് മാറുകയാണെങ്കില്‍ 2023 സാമ്പത്തിക വർഷം മുതൽ ഒരു കുട്ടിക്ക് ഒരു ദശലക്ഷം യെൻ (7,700 അമേരിക്കന്‍ ഡോളര്‍) ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ലഭിക്കുന്ന ആനൂകുല്യ തുകയുടെ മൂന്നിരട്ടി വരും ഇത്. യോഗ്യതയുള്ളവര്‍ക്ക് മാത്രമായിരിക്കും കിട്ടുക.
കുറഞ്ഞ ജനനനിരക്കും വര്‍ധിച്ച ആയുസും മൂലം ജപ്പാൻ നേരിടുന്ന വെല്ലുവിളികളാണ് ഇതിലൂടെ വ്യക്തമാകുന്നത്. അവസരങ്ങൾക്കായി യുവാക്കൾ നഗരങ്ങളിലേക്ക് പോകുമ്പോള്‍ ഗ്രാമപ്രദേശങ്ങളിൽ ജനസംഖ്യ കുറയുകയാണ്. ഇത്തരം മേഖലകള്‍ ആളൊഴിഞ്ഞ വീടുകൾ കൊണ്ട് നിറയുകയാണ്, സ്വഭാവികമായും നികുതി വരുമാനവും ഇടിയുന്നു.
കുടുംബങ്ങള്‍ക്ക് മാറി താമസിക്കാന്‍ ആവശ്യമായ തുകയിലും കൂടുതലാണ് ഒരു ദശലക്ഷ്യം യെന്‍ എന്നാണ് വിവരം. പുതിയ പദ്ധതി പ്രകാരം രണ്ട് കുട്ടികളുള്ള കുടുംബത്തിന് മൂന്ന് ദശലക്ഷം വരെ ലഭിക്കും.
പ്രാദേശിക പ്രദേശങ്ങളിലേക്ക് ആളുകളെ ആകർഷിക്കുന്നതിനുള്ള പദ്ധതികള്‍ 2019-ല്‍ തന്നെ ജപ്പാന് സര്‍ക്കാര്‍ ആരംഭിച്ചു, സെൻട്രൽ ടോക്കിയോ മേഖലയില്‍ അഞ്ച് വർഷമായി താമസിക്കുന്ന കുടുംബങ്ങൾക്കാണ് മാറിതാമസിക്കുകയാണെങ്കില് അപേക്ഷ നല്കാന് കഴിയുന്നത്.
പ്രാദേശിക മേഖലകളിലേക്ക് താമസം മാറം ചെറുകിട ഇടത്തരം ബിസിനസുകളുടെ ഭാഗമാകുക, അല്ലെങ്കിൽ പ്രാദേശിക പ്രദേശത്ത് ഒരു ബിസിനസ് ആരംഭിക്കുക തുടങ്ങിയ പദ്ധതികള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം.