Latest News

ജനതാ കര്‍ഫ്യൂ: ജനക്കൂട്ടം ആഹ്ലാദ നൃത്തവുമായി തെരുവിൽ, വീഡിയോ

കുട്ടികളും മുതിർന്നവരുമടക്കം നിരവധി ആളുകൾ പ്രകടനങ്ങളിൽ പങ്കെടുക്കുന്നതായി ദൃശ്യങ്ങളിൽ കാണാം

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വലിയ രീതിയിൽ വ്യാപിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്തത്. രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ വീടിനു പുറത്തിറങ്ങരുതെന്നായിരുന്നു നിർദേശം. എന്നാൽ ഈ നിർദേശത്തിന് നേരെ വിപരിതമായ കാര്യമാണ് പശ്ചിമ ബംഗാളിലും ഗുജറാത്തിലുമൊക്കെ അരങ്ങേറിയത്. ആളുകൾ തെരുവുകളിൽ ആഹ്ലാദപ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്ത അതേ പ്രസംഗത്തിൽ തന്നെ ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിക്കുന്നതിന്റെ ഭാഗമായി വൈകിട്ട് അഞ്ച് മണിക്ക് വീടിന്റെ ബാൽക്കണിയിലും നിന്ന് കൈകൊട്ടാനും മണിമുഴക്കാനും പാത്രങ്ങൾ കൂട്ടിയടിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജനങ്ങൾ ഇതിനെ ഒരു ആഘോഷമായാണ് സ്വീകരിച്ചത്. കര്‍ഫ്യൂ മറന്ന് ആളുകള്‍ കൂട്ടമായി പുറത്തിറങ്ങി.

Also Read: 27പേര്‍ക്ക് കോവിഡ് ബാധ: രാജ്യ തലസ്ഥാനവും അടച്ചുപൂട്ടലിലേക്ക്, ഡല്‍ഹിയുടെ അതിര്‍ത്തികള്‍ അടച്ചിടും

കൈകൊട്ടിയും പ്ലേറ്റുകള്‍ അടിച്ച് ശബ്ദമുണ്ടാക്കിയും അവർ ഘോഷയാത്ര നടത്തുകയും പൊതുസ്ഥലത്ത് സമ്മേളിക്കുകയും ചെയ്യുകയായിരുന്നു. കുട്ടികളും മുതിർന്നവരുമടക്കം നിരവധി ആളുകൾ പ്രകടനങ്ങളിൽ പങ്കെടുക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. പശ്ചിമ ബംഗാളില്‍ നിന്നുള്ളതാണ് ഒരു വീഡിയോ.

മറ്റൊരു വീഡിയോയില്‍ ഗുജറാത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ്. കര്‍ഫ്യൂ തുടരുന്നതിനിടെ ദേശീയ പതാക ഉയര്‍ത്തി റോഡില്‍ കൂട്ടം ചേര്‍ന്ന് ആഘോഷം നടത്തുന്നതിന്റെ ദൃശ്യങ്ങളാണിത്.

വീഡിയോയ്ക്ക് താഴെ നിരവധി ആളുകൾ വിമര്‍ശനവും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എത്ര വിശദീകരിച്ചിട്ടും സാമൂഹിക അകലത്തിന്റെ അര്‍ഥം അവര്‍ക്ക് മനസ്സിലാകുന്നില്ലെന്നും കര്‍ഫ്യൂവിന്റെ ലക്ഷ്യം തന്നെ താറുമാറായെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഇവരെ പിരിച്ചുവിടാന്‍ അധികൃതര്‍ നടപടി സ്വീകരിക്കേണ്ടതാണെന്നും ഇത് കോവിഡ് വ്യാപനം തടയാനുള്ള ആരോഗ്യ ചട്ടങ്ങള്‍ക്കെതിരാണെന്നും പ്രതികരണങ്ങൾ. വാട്‌സ്ആപ്പ് സര്‍വകലാശാലയില്‍ പറയുന്നത് പോലെ ശബ്ദമുണ്ടാക്കി കൊറോണയെ ഓടിക്കാന്‍ ശ്രമിക്കുകയാണെന്നുള്ള പരിഹാസവും 20,000ത്തിലധികം പേർ ഷെയര്‍ ചെയ്ത വീഡിയോകളുടെ കമന്റ് ബോക്‌സുകളില്‍ വായിക്കാം.

Also Read: കോവിഡ്-19: കൂടുതല്‍ സംസ്ഥാനങ്ങള്‍ അടച്ചുപൂട്ടലിലേക്ക്‌: പഞ്ചാബിൽ സമ്പൂര്‍ണ അടച്ചുപൂട്ടല്‍; മഹാരാഷ്ട്രയിൽ 144, ഗുജറാത്തില്‍ ജനതാ കര്‍ഫ്യൂ നീട്ടി

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും പൊതു ഇടങ്ങളില്‍ ശാരീരിക അകലം പാലിക്കണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശം നല്‍കിയിരുന്നു. കോവിഡിന്റെ സമൂഹ വ്യാപനം തടയുന്നതിനായാണ് ശാരീരിക അകലം സൂക്ഷിക്കണമെന്നുള്ള നിര്‍ദേശം പുറപ്പെടുവിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Janata curfew celebration in groups with claps and plates video

Next Story
27പേര്‍ക്ക് കോവിഡ് ബാധ: രാജ്യ തലസ്ഥാനവും അടച്ചുപൂട്ടലിലേക്ക്, ഡല്‍ഹിയുടെ അതിര്‍ത്തികള്‍ അടച്ചിടും
The moderation of comments is automated and not cleared manually by malayalam.indianexpress.com